ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കേന്ദ്ര സര്‍ക്കാരിന് കൊളീജിയം അയച്ച ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതിയാണ് നിയമന ഉത്തരവിറക്കിയത്. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാനെയും സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.
കേരള ഹൈക്കോടതിയില്‍ നാല് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഭാട്ടി സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നത്. ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ 2019 മാര്‍ച്ച് 19 നാണ് ജസ്റ്റിസ് ഭട്ടി കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറിയെത്തിയത്. മുന്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ വിരമിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ജഡ്ജിയായ ജസ്റ്റീസ് ഭട്ടിയെ ആദ്യം ആക്ടിംഗ് ചീഫ് ജസ്റ്റീസായും പിന്നീട് ചീഫ് ജസ്റ്റീസായും നിയമിച്ചു.
1962 മേയ് ആറിന് ആന്ധ്രയിലെ ചിറ്റൂരില്‍ രാമകൃഷ്ണയ്യയുടെയും അന്നപൂര്‍ണ്ണാമ്മയുടെയും മകനായി ജനിച്ച സാരസ വെങ്കട നാാരായണ ഭട്ടി ബിരുദ പഠനത്തിന് ശേഷം ബംഗളൂരു ജഗദ്ഗുരു രേണുകാചാര്യ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. 1987 ജനുവരി 21 ന് അഭിഭാഷകനായി എന്റോള്‍ ചെയ്തശേഷം ആന്ധ്ര ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ്, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി എന്നിവയുടെ സ്റ്റാന്‍ഡിംഗ് കോണ്‍സുലായിരുന്നു. 2000-2003 കാലഘട്ടത്തില്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി. 2013 ഏപ്രില്‍ 12 ന് ആന്ധ്ര ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജിയായി നിയമിതനായി. പിന്നീടാണ് കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറി വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.