പട്‌ന: ബിഹാറില്‍ അധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനെതിരെ ബിജെപി നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തം. മാർച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ബിജെപി ജില്ലാ നേതാവ് കൊല്ലപ്പെട്ടു. ബിജെപിയുടെ ജഹാനാബാദ് ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ സിങാണ് മരിച്ചത്. പരിക്കേറ്റ സിങിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോഡിയാണ് മരണ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഗാന്ധി മൈതാനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഡാക്ബംഗ്ലാ ചൗരാഹയില്‍ എത്തിയപ്പോഴാണ് ലാത്തിച്ചാര്‍ജുണ്ടായത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച ശേഷമാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയത്.
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം സംസ്ഥാന സര്‍ക്കാരിന്റെ പരാജയത്തിന്റെയും കഴിവുകേടിന്റെയും ഫലമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ട്വിറ്ററില്‍ കുറിച്ചു. അഴിമതിയുടെ കോട്ട സംരക്ഷിക്കാന്‍ മഹാസഖ്യ സര്‍ക്കാര്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണ്. കുറ്റാരോപിതരെ രക്ഷിക്കുന്നതുവഴി ബീഹാര്‍ മുഖ്യമന്ത്രി ധാര്‍മികത മറക്കുകയാണെന്നും നഡ്ഡ പറഞ്ഞു.
വിജയ് കുമാര്‍ സിങിന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് കൊടുക്കുമെന്ന് സുശീല്‍ കുമാര്‍ മോഡി പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാറിനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിജയ് കുമാര്‍ സിങിന്റെ മരണ കാരണം വ്യക്തമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.