'കയ്യില്‍ പണമില്ല, തൂമ്പാ പണിക്ക് പോകാന്‍ മൂന്ന് ദിവസം അവധി വേണം'; മേലുദ്യോഗസ്ഥന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത്

'കയ്യില്‍ പണമില്ല, തൂമ്പാ പണിക്ക് പോകാന്‍ മൂന്ന് ദിവസം അവധി വേണം'; മേലുദ്യോഗസ്ഥന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത്

ചാലക്കുടി: ശമ്പളം ലഭിക്കാത്തതിനാല്‍ മൂന്ന് ദിവസം കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത്.

ചാലക്കുടി ഡിപ്പോയിലെ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ അവധി ചോദിച്ച് മേലുദ്യോഗസ്ഥന് കത്ത് നല്‍കിയത്. തൂമ്പാ പണിക്ക് പോകാന്‍ അവധി വേണമെന്നായിരുന്നു ആവശ്യം. ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അതേസമയം ഇങ്ങനൊരു കത്ത് ലഭിച്ചിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എന്നാല്‍ കത്തെഴുതി കെഎസ്ആര്‍ടിസി ഓഫീസില്‍ നല്‍കിയെങ്കിലും പ്രശ്‌നം ആവുമോ എന്ന പേടി കാരണം തിരികെ വാങ്ങി എന്നാണ് ഡ്രൈവര്‍ ഇപ്പോള്‍ പറയുന്നത്.

സുഹൃത്തുക്കള്‍ക്ക് അയച്ച കത്ത് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയായിരുന്നു. കാടുകുറ്റി അന്നനാട് പാമ്പുത്തറ സ്വദേശിയാണ് അജു.

' സാലറി വരാത്തതിനാല്‍ ഡ്യൂട്ടിക്ക് വരാന്‍ വണ്ടിയില്‍ പെട്രോളില്ല. പെട്രോള്‍ നിറയ്ക്കുവാന്‍ കയ്യില്‍ പണവുമില്ല. ആയതിനാല്‍ വട്ടിച്ചിലവിനുള്ള പണത്തിനായി ഈ വരുന്ന 11,13,14 ബുധന്‍, വ്യാഴം, വെള്ളി ദിവസസങ്ങളില്‍ തൂമ്പ പണിക്ക് പോകാന്‍ വേണ്ടി മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അവധി അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുന്നു' എന്നാണ് അജുവിന്റെ കത്തില്‍ പറയുന്നത്.

കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ശമ്പളം മുടങ്ങിയതിനാല്‍ കുട്ടികളുടെ പഠനച്ചെലവും വീട്ടുചെലവും അടക്കമുള്ളവ പ്രയാസത്തിലാണെന്നും വീട്ടില്‍ അരിമണി പോലും ഇല്ലാത്ത സ്ഥിതിയാണെന്നുമാണ് അജു പറയുന്നത്.

ബൈക്കില്‍ ഇന്ധനം ഇല്ലാത്തതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെയും വഴിയില്‍ കാണുന്ന വാഹനത്തില്‍ കൈകാട്ടി നിര്‍ത്തി ലിഫ്റ്റ് ചോദിച്ചെല്ലാമാണ് ജോലിക്ക് എത്തുന്നത് എന്നും അജു വ്യക്തമാക്കി.

സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നീളാന്‍ കാരണം. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുന്‍പായി ആദ്യ ഗഡു നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ജൂണിലെ വേതനം ലഭിച്ചിട്ടില്ല.

മൂന്ന് മാസം മുമ്പ് വരെ അമ്പത് കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഇത് മുപ്പത് കോടിയാക്കി  കുറയ്ക്കുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.