തിരുവനന്തപുരം: ലോയല്‍റ്റി പോയിന്റുകള്‍ ചെലവഴിക്കുന്നതില്‍ വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് ട്രാവല്‍ ടെക് സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വേ. വിമാന യാത്രികരില്‍ 63 ശതമാനവും എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ (എ.എല്‍.പി) അംഗങ്ങളാണെന്ന് സര്‍വേ തെളിയിക്കുന്നുവെങ്കിലും ലോയല്‍റ്റി പോയിന്റ് ചെലവഴിക്കുന്നതില്‍ ആളുകള്‍ പിറകോട്ടാണെന്നാണ് വെളിവാകുന്നത്. സിംഗപ്പൂര്‍, ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിമാനത്തില്‍ യാത്ര ചെയ്ത 1500 യാത്രക്കാരിലാണ് സര്‍വേ നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ വിനോദസഞ്ചാരികളും ബിസിനസ് യാത്രികരും ഉള്‍പ്പെടുന്ന 63% എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകളിലെ അംഗങ്ങളാണ്. ബാക്കിയുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റ് (44%), വസ്ത്ര ബ്രാന്‍ഡ് (36%), ഭക്ഷണശാല (33%) സ്‌കീമുകള്‍ തെരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്.
എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകള്‍ വ്യാപകമായി സ്വീകരിച്ചിട്ടും പകുതിയിലധികം പോയിന്റുകള്‍ എവിടെ നിന്ന് റിഡീം ചെയ്യാമെന്ന് അറിവില്ലാത്തതിനാല്‍ 56% പേര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുന്നില്ല.
സിംഗപ്പൂരിലും യു.എ.ഇയിലും ഈ കണക്ക് 64 ശതമാനമാണ്. ലോയല്‍റ്റി പ്രോഗ്രാമില്‍ ഒരിക്കലും അംഗമായിട്ടില്ലാത്തവരോ അംഗത്വ കാലാവധി കഴിഞ്ഞവരോ ആയ 37% സര്‍വേയോട് പ്രതികരിച്ചത് ആനുകൂല്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ്. പോയിന്റുകള്‍ കെട്ടിപ്പടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന ധാരണയാണ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ ഒഴിവാക്കുന്നതിനുള്ള കാരണമായി 23% പേര്‍ പ്രതികരിച്ചത്. സിംഗപ്പൂരില്‍ ഇത് 33% ആണ്.
ഇതിനകം ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമല്ലാത്ത 58% പേര്‍ ഭാവിയില്‍ ഇത് പരീക്ഷിക്കാന്‍ തയ്യാറാണെന്ന് പറയുന്നു. ഇത് 26-35 വയസ് പ്രായമുള്ളവരില്‍ 67% ഉം, യു.എ.ഇ മേഖലയില്‍ 64% ഉം ആണ്. ഭാവിയില്‍ ലോയല്‍റ്റി പ്രോഗ്രാമുകള്‍ പരീക്ഷിക്കാന്‍ വിമുഖത കാണിക്കുന്ന ഹോങ്കോങുകാര്‍ 46% മാത്രമാണ്. ഈസി ചെക്ക്-ഇന്നുകളും (46%) ക്യാബിന്‍ ക്ലാസ് അപ്‌ഗ്രേഡുകളും (44%) പുതുതായി സൈന്‍ അപ്പ് ചെയ്യാന്‍ തയ്യാറാകുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്.
അംഗങ്ങളായിട്ടുള്ളവര്‍ ശരാശരി രണ്ട് എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകളിലെങ്കിലും ഉള്‍പ്പെടുന്നുണ്ട്. ലോഞ്ചുകളിലേക്കുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസ് (32%), ക്യാബിന്‍ ക്ലാസ് അപ്‌ഗ്രേഡുകള്‍ (31%) എന്നിവ ഈ ഗ്രൂപ്പിന്റെ മികച്ച നേട്ടങ്ങളായി കാണുന്നു. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ക്ലാസ് അപ്‌ഗ്രേഡുകളും കാലാവധി കഴിയാത്ത പോയിന്റുകളും ആകര്‍ഷകങ്ങളാണ്. ഫാസ്റ്റ് ട്രാക്ക് ചെക്ക്-ഇന്‍, ഉടനടിയുള്ള റിവാര്‍ഡുകള്‍, ഇവന്റുകളിലേക്കുള്ള സൗജന്യ ടിക്കറ്റുകള്‍ എന്നിവയാണ് ബിസിനസ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്.
ലോയല്‍റ്റി സ്‌കീമുകളുടെ നേട്ടങ്ങളെക്കുറിച്ച് യാത്രികരെ ബോധവാന്‍മാരാക്കേണ്ടത് എയര്‍ലൈനുകളുടെ ചുമതലയാണെന്നും അല്ലെങ്കില്‍ അവര്‍ക്ക് ക്ലബ്ബിന്റെ ഭാഗമാകാനുള്ള താത്പര്യം നഷ്ടപ്പെടുമെന്നും ഐബിഎസ് ലോയല്‍റ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റും മേധാവിയുമായ മാര്‍ക്കസ് പഫര്‍ പറഞ്ഞു.
വിഐപി ലോഞ്ചുകളും ക്ലാസ് അപ്‌ഗ്രേഡുകളും അതിശയകരമായ ആനുകൂല്യങ്ങളാണ്. എന്നാല്‍ പോയിന്റ് ബാങ്ക് എങ്ങനെ കെട്ടിപ്പടുക്കാമെന്നതില്‍ അംഗങ്ങള്‍ക്ക് അറിവില്ലെങ്കില്‍ ആനുകൂല്യങ്ങളുടെ തിരഞ്ഞെടുപ്പ് അപ്രസക്തമാകുമെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.