ഏകാന്തത അനുഭവിക്കുന്ന പുരുഷന്മാരിൽ അധികവും 35നും 59നും ഇടയിൽ; ഓസ്ട്രേലിയയിൽ നിന്നും ശ്രദ്ധേയമായൊരു പഠനം

ഏകാന്തത അനുഭവിക്കുന്ന പുരുഷന്മാരിൽ അധികവും 35നും 59നും ഇടയിൽ; ഓസ്ട്രേലിയയിൽ നിന്നും ശ്രദ്ധേയമായൊരു പഠനം

സിഡ്നി: ഓസ്‌ട്രേലിയയിലെ പുരുഷന്മാർക്കിടയിൽ ഏകാന്തത വർധിക്കുന്നെന്ന് റിപ്പോർട്ട്. പുരുഷന്മാരുടെ ആരോഗ്യ സംഘടനയായ ഹെൽത്തി മെയിൽ അടുത്തിടെ നടത്തിയ സർവേയിൽ 43 ശതമാനം ഓസ്‌ട്രേലിയൻ പുരുഷന്മാരും ഏകാന്തത അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തി.

പ്രായമായവരാണ് ഏകാന്തത അനുഭവിക്കുന്നകതെന്നാണ് ചരിത്രം പറയുന്നതെങ്കിലും യഥാർത്ഥത്തിൽ 35 മുതൽ 49 വരെ പ്രായമുള്ള പുരുഷന്മാരാണ് ഏകാന്തതയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ളതെന്ന് ഹെൽത്തി മെയിൽ സിഇഒയും ഡയറക്ടറുമായ സൈമൺ വോൺ സാൽഡേൺ പറഞ്ഞു.

18 വയസ്സിന് മുകളിലുള്ള 1,282 ഓസ്‌ട്രേലിയൻ പുരുഷന്മാരെ മുൻനിർത്തിയാണ് സർവെ നടത്തിയത്. 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരേക്കാൾ മധ്യവയസ്കരായ പുരുഷന്മാർക്ക് ഉയർന്ന ഏകാന്തത അനുഭവപ്പെടാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് സർവെ വെളിപ്പെടുത്തി.

ഏകാന്തത എന്നത് ഒരാൾക്ക് സുഹൃത്തുക്കളൊന്നും ഇല്ല എന്ന അവസ്ഥയല്ല പകരം, അവർക്ക് ആ സുഹൃത്തുക്കളുമായി ബന്ധമില്ലെന്ന് തോന്നുന്ന അവസ്ഥയാണെന്ന് മൂവംബറിലെ മാനസികാരോഗ്യ പരിശീലന ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ സാക് സീഡ്‌ലർ പറഞ്ഞു.

പുരുഷന്മാരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് സംസാരിക്കുമ്പോൾ ഏകാന്തത ഒരിക്കലും കുറച്ചുകാണരുത്. ഹൃദ്രോഗം, പക്ഷാഘാതം, മാനസികാരോഗ്യം, സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയിലേക്ക് ഏകാന്തത നയിക്കുെമെന്ന് ഹെൽത്തി മെയിൽ വെബ്സൈറ്റ് മുന്നറിയിപ്പ് നൽകുന്നു.

പുരുഷന്മാരിലെ ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പരിണതഫലങ്ങൾ ​ഗുരുതരമാണ്. ഒരു ദിവസം ശരാശരി ഏഴ് പുരുഷന്മാരാണ് ഇവിടെ ആത്മഹത്യ ചെയ്യുന്നതെന്ന് വോൺ സാൽഡേൺ അഭിപ്രായപ്പെട്ടു. മധ്യവയസ്കരായ പുരുഷന്മാർ ഏകാന്തത അനുഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമല്ലെങ്കിലും, പ്രസക്തമായ നിരവധി ഘടകങ്ങളുണ്ട്. 35-നും 49-നും ഇടയിലാണ് വേർപിരിയലുകളും വിവാഹമോചനങ്ങളും സംഭവിക്കുന്നത്. ആ പ്രായത്തിൽ തന്നെയാണ് ജോലി സമ്മർദങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകുമ്പോൾ പുരുഷന്മാർക്ക് സാമൂഹിക ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും മുൻഗണന നഷ്‌ടപ്പെടും
എന്നതാണ് മറ്റൊരു വലിയ കാരണം എന്നും ഡോ സീഡ്‌ലർ പറയുന്നു. സ്ത്രീകൾ കാലക്രമേണ അവരുടെ സൗഹൃദം നില നിർത്തുമ്പോൾ, പുരുഷന്മാർ അതിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്. പുരുഷന്മാർ പഠനത്തിനുശേഷം കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക് നീങ്ങുന്നതിനാലാണ് അത്തരം വീഴ്ചകൾ സംഭവിക്കുന്നത്.

മധ്യവയസ്സിൽ മികച്ച ബന്ധങ്ങൾ

എല്ലാ ലിംഗക്കാർക്കും, മധ്യവയസ്സിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇത് കൂടുതലായി ബാധിക്കുക പുരുഷന്മാരെയാണെന്ന് ഡോ സീഡ്‌ലർ പറയുന്നു. ഓസ്ട്രേലിയയിൽ സൗഹൃദം സ്ഥാപിക്കാനായി പല ​ഗ്രൂപ്പുകളും നിലവിലുണ്ട്. എന്നാൽ പുരുഷന്മാരുടെ ഗ്രൂപ്പുകളിൽ വലിയൊരു ഭാഗം ഇപ്പോഴും പ്രായമായവർക്കുള്ളതാണെന്ന് ഡോ സീഡ്‌ലർ പറയുന്നു. ചെറുപ്പക്കാർ കൂടുതലും ഓൺലൈനെയാണ് ആശ്രയിക്കുന്നത്.

സർക്കാരുകൾ ഏകാന്തതയെ കൂടുതൽ ഗൗരവമായി എടുക്കാൻ തുടങ്ങിയതിന്റെ ചില സൂചനകളും പുറത്തു വരുന്നുണ്ട്. നാം അഭിസംബോധന ചെയ്യേണ്ട അടുത്ത ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് ഏകാന്തതയെന്ന് പാർലമെന്ററി ഫ്രണ്ട്‌സിന്റെ കോ-ചെയർ ആയ ഫെഡറൽ എംപി ആൻഡ്രൂ ഗിൽസ് അടുത്തിടെ പറ‍ഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.