ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഇവ എത്തിയതായും ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറുമാണ് വിക്ഷേപിച്ചത്.
അതേസമയം ചന്ദ്രയാന്‍ ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെ ഐഎസ്ആര്‍ഒ ആഘോഷങ്ങളും തുടങ്ങി. ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര ചന്ദ്രയാന്‍3 ആരംഭിച്ചിരിക്കുകയാണ്. ഇതുവരെയുള്ള എല്ലാ നടപടികളും വിജയകരമാണെന്നും സോമനാഥ് അറിയിച്ചു.
ഇസ്രോയുടെ മിഷനുകളിലെ ഏറ്റവും ഭാരമേറിയ പേടകമാണ് ചന്ദ്രയാന്‍3 ഉപയോഗിച്ചതെന്ന് മിഷന്‍ ഡയറക്ടര്‍ എസ് മോഹന കുമാര്‍ പറഞ്ഞു. തുടര്‍ച്ചയായ പരിശ്രമത്തിലൂടെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ അടക്കമാണ് ചന്ദ്രയാനായി ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഐഎസ്ആര്‍ഒയെ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് ചന്ദ്രയാന്‍3 രചിച്ചതെന്ന് മോഡി ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളാണ് ഉയര്‍ന്ന് പൊങ്ങിയിരിക്കുന്നത്. നമ്മുടെ ശാസ്ത്രജ്ഞരുടെ ആത്മസമര്‍പ്പണത്തിന് ലഭിച്ച അംഗീകാരമാണ് ഈ നേട്ടം. അവരുടെ ആവേശത്തെ താന്‍ സല്യൂട്ട് ചെയ്യുന്നതായും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
ഇത് ഇന്ത്യ തിളങ്ങുന്ന നിമിഷമാണ്. രാജ്യത്തിന് അഭിമാനമായതില്‍ ഐഎസ്ആര്‍ഒയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ആറ് ദശാബ്ദങ്ങങള്‍ക്ക് മുമ്പ് വിക്രം സാരാഭായ് കണ്ട സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കപ്പെട്ടത്. അന്ന് ഒരു സൈക്കിളിലാണ് ലോഞ്ച് വെഹിക്കിളുണ്ടായിരുന്നത്. അതില്‍ യാതൊരു നാണക്കേടും വിക്രം സാരാഭായിക്ക് തോന്നിയിരുന്നില്ല. കാരണം ഇന്ത്യയുടെ സാധ്യതകളില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്റെ കഴിവിലുള്ള വിശ്വാസമാണ് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നതെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.