ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് പിന്നാലെ രാജ്ഘട്ടും വെള്ളത്തില്‍ മുങ്ങി. വടക്ക് പടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു.
മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ നീന്താനിറങ്ങിയ പിയൂഷ്(13), നിഖില്‍(10), ആശിഷ്(13) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. ഡല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.
യമുനാ നദിയിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട നാലഞ്ച് സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെയും മൃഗങ്ങളെയും ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുന്നതായും ഈ ഭാഗങ്ങളില്‍ അപകടമരണം ഉണ്ടായിട്ടില്ലെന്നും സീലംപുര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ശരത് കുമാര്‍ പറഞ്ഞു.
യമുനയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വസീറാബാദ്, ചന്ദ്രവാല്‍, ഓഖ്ല എന്നീ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചു പൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായി.
യമുനയിലെ ജലം ഇറങ്ങിയാല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. നദിയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഓഖ്ല പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്ന് പുനരാരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.