പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് നവതി; കേരളത്തിന്റെ അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി

പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് നവതി; കേരളത്തിന്റെ അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: മലയാളിയുടെ സാഹിത്യ വിസ്മയം എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് നവതി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. എം.ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.

എം.ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സാഹിത്യകാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ അദ്ദേഹം നല്‍കി. സാഹിത്യ രചനയോടൊപ്പം തന്നെ കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം. ടി പരിശ്രമിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

എം.ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂര്‍ത്തമാണ്. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നല്‍കിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതില്‍ അതുല്യമായ പങ്കാണ് എം.ടിയ്ക്കുള്ളത്. സാഹിത്യകാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.

സാഹിത്യ രചനയോടൊപ്പം തന്നെ കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം.ടി പരിശ്രമിച്ചു. അതിന്റെ ഭാഗമായാണ് തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതും നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എം.ടിയുടെ നേതൃത്വത്തില്‍ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂര്‍ തുഞ്ചന്‍ പറമ്പ് ഇന്ത്യന്‍ സാഹിത്യഭൂപടത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമായി.

അദ്ദേഹത്തിന്റെ സാഹിത്യവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളില്‍ അടിയുറച്ചു നിന്നു.
യാഥാസ്ഥിക മൂല്യങ്ങളേയും വര്‍ഗീയതയേയും എം.ടി തന്റെ ജീവിതത്തിലുടനീളം കര്‍ക്കശബുദ്ധിയോടെ എതിര്‍ത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്നു തുഞ്ചന്‍ പറമ്പിന്റെ മത നിരപേക്ഷ സ്വഭാവം നിലനിര്‍ത്താന്‍ സാധിച്ചത് ഈ നിലപാടിന്റെ ബലം നമ്മെ ബോധ്യപ്പെടുത്തി. എം.ടി കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും സാഹിത്യസൃഷ്ടികളില്‍ വൈകാരിക തീക്ഷ്ണതയോടെ, അനുഭൂതിജനകമാം വിധം ആ കാഴ്ച പകര്‍ന്നു വെയ്ക്കുകയും ചെയ്തു.

ജനമനസുകളെ യോജിപ്പിക്കാന്‍ തക്ക കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ആ സാഹിത്യത്തെ ജനമനസുകളെ വിഷലിപ്തമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് എം.ടിയുടെ കൃതികള്‍ ആവര്‍ത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്. ആ നിലയ്ക്ക് ഒരു സാംസ്‌കാരിക മാതൃകയാണ് സ്വന്തം ജീവിതംകൊണ്ട് എം.ടി നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ളത്. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് മുമ്പോട്ടുപോകാന്‍ നമുക്കു കഴിയണം. പ്രിയ എം.ടിയ്ക്ക് ഹൃദയപൂര്‍വ്വം നവതി ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.