കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം പ്രതിഷേധിക്കുമ്പോഴും ഏക സിവില്‍കോഡിനെ തള്ളാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഏക സിവില്‍കോഡ് എന്നത് പുരോഗമന നിലപാടാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ അത് നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസിനും ബിജെപിക്കും ഏക സിവില്‍കോഡിനോട് താത്പര്യമുണ്ടെന്ന് തെറ്റിദ്ധാരണയുള്ള ആളല്ല താനെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് നടത്തുന്ന ദേശീയ സെമിനാറിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.എം.എസ് അടക്കമുള്ള സിപിഎം നേതാക്കള്‍ നേരത്തെ ഏക സിവില്‍കോഡിനെ പിന്തുണച്ചത് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് ഇത് സംബന്ധിച്ച് എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
'ഒരു ഏക സിവില്‍കോഡ് നടപ്പിലാക്കുക എന്ന പുരോഗമനപരമായ നിലപാട് അടിസ്ഥാനപ്പെടുത്തിയല്ല, ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയുള്ള മതധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഹിന്ദുത്വ ഇന്ത്യ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യം വെച്ചുള്ള ആര്‍എസ്എസ് അജന്‍ഡയെയാണ് കേരളം ശക്തമായി എതിര്‍ക്കുമെന്ന പ്രഖ്യാപനം നടത്തിയത്'- എം.വി.ഗോവിന്ദന്‍ പറഞ്ഞു.
മതത്തിന്റെ പരിപാടിയല്ല സിപിഎമ്മിന്റേത്. ഫാസിസത്തിനെതിരെയുള്ള ഒരു പ്രതിരോധമാണ് തങ്ങളുടെ സെമിനാറെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കക്ഷികള്‍ നോക്കിയല്ല ഇതിലേക്ക് ആളുകളെ ക്ഷണിച്ചതെന്നായിരുന്നു സെമിനാറില്‍ ബിഡിജെഎസ് നേതാവ് പങ്കെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് എം.വി ഗോവിന്ദന്റെ മറുപടി. ഇതൊരു രാഷ്ട്രീയ കൂട്ടുക്കെട്ടല്ല. മുന്നണിയുടെ ഭാഗവുമല്ല. വിശാല ഇടത്പക്ഷ മുന്നണി എന്ന നിലക്കാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് കണ്‍വീനറായ ഒരാളെ പരിപാടിയിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇ.പി.ജയരാജന്‍ പങ്കെടുക്കാത്തത് സംബന്ധിച്ച ചോദ്യത്തിനുള്ള ഗോവിന്ദന്റെ മറുപടി. കണ്‍വീനറായ ആളെ ക്ഷണിക്കേണ്ട കാര്യമില്ല. നമ്മളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇങ്ങോട്ടേക്ക് വരുന്നത്. ക്ഷിണിക്കാത്തത് കൊണ്ടാണോ വരാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടി വരും. പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണ്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ബാധകമല്ലാതിരിക്കുന്നില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.