മുസ്ലിം ലീഗും സിപിഎമ്മും കൈകോര്‍ത്തു; തൃക്കാക്കരയില്‍ വൈസ് ചെയര്‍മാന്‍ പുറത്ത്

മുസ്ലിം ലീഗും സിപിഎമ്മും കൈകോര്‍ത്തു; തൃക്കാക്കരയില്‍ വൈസ് ചെയര്‍മാന്‍ പുറത്ത്

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ അവിശ്വാസം പാസായി. മുസ്ലിം ലീഗ് പ്രതിനിധി എ.എ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. ഇടതുമുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയം മൂന്ന് ലീഗ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് പാസായത്.

അവിശ്വാസ പ്രമേയത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. 23 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. മുന്‍ധാരണ പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം ഇബ്രാഹിം കുട്ടി രാജിവച്ച് മറ്റൊരു ലീഗ് കൗണ്‍സിലറായ പി.എം യൂനസിന് ചുമതല നല്‍കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ കാലാവധി പുര്‍ത്തിയാക്കിയിട്ടും രാജിവെക്കാതെ വന്നതോടെ കൗണ്‍സിലര്‍മാര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തു. തുടര്‍ന്ന് വൈസ് ചെയര്‍മാനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് ലീഗ് നേതൃത്വം അന്ത്യശാസനം നല്‍കിയെങ്കിലും ഇബ്രാഹിം കുട്ടി അത് തള്ളി.

നഗരസഭയിലെ നാല് വിമത കൗണ്‍സിലര്‍മാരും ഇടതുപക്ഷ അംഗങ്ങളും ചേര്‍ന്നാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പിന്നീട് വിമതന്മാര്‍ യുഡിഎഫ് പാളയത്തില്‍ തിരിച്ചെത്തി. 43 അംഗ കൗണ്‍സിലില്‍ 22 അംഗങ്ങളുടെ കോറം തികഞ്ഞാല്‍ മാത്രമേ അവിശ്വാസ നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കൂ എന്നുണ്ടായിരുന്നു. ഇതുറപ്പാക്കാനും സിപിഎമ്മിന് സാധിച്ചു. നഗരസഭയില്‍ എല്‍ഡിഎഫ് 17, യുഡിഎഫ് 21, സ്വതന്ത്രര്‍ അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.