നൂറുദിന പരിപാടിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു; അര ലക്ഷം തൊഴിലവസരങ്ങളെന്ന് മുഖ്യമന്ത്രി

നൂറുദിന പരിപാടിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു;  അര ലക്ഷം തൊഴിലവസരങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം ഘട്ട നൂറുദിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പതിനായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇതോടൊപ്പം 5700 കോടിയുടെ 5526 പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഒന്നാം നൂറുദിന പരിപാടിയില്‍ 50,000 തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.

രണ്ടാം ഘട്ടത്തില്‍ അര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കുടുംബശ്രീ, സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളിലൂടെ 15,000 തൊഴിലവസരങ്ങളുണ്ടക്കും. കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് എന്നിവ നല്‍കുന്ന വായ്പകളിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31 ന് മുമ്പ് നടപ്പാക്കും. കൊച്ചി മംഗലാപുരം ഗെയില്‍ പൈപ്പ് ലൈനിന്റെ ഉദ്ഘാടനം അടുത്ത മാസം അഞ്ചിന് പ്രധാനമന്ത്രി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും. കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യും. 49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. 3001 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. ആലപ്പുഴ മൊബിലിറ്റി ഹബ്ബിന് തുടക്കം കുറിക്കും.

നേരത്തെ പൂര്‍ത്തികരിച്ച രണ്ട് ലക്ഷം വീടുകള്‍ക്ക് പുറമേ, 50,000 വീടുകളുടെ പൂര്‍ത്തീകരണം നൂറുദിന പദ്ധതിയില്‍ നടപ്പാക്കും. കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ദേശീയ ജലപാത കോവളം മുതല്‍ ചാവക്കാട് വരെയുള്ള റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദ്ഘാടനവും ഫെബ്രുവരിയിലുണ്ടാകും. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കും. കെഎസ്ആര്‍ടിസിയുടെ അനുബന്ധ സ്ഥാപനമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും. 183 കുടുംബശ്രീ ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.