അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടികാഴ്ച നടത്തി. യുഎഇ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണെന്ന് അദ്ദേഹം ഷെയ്ഖ് മുഹമ്മദിനോട് പറഞ്ഞു. താങ്കളുടെ ദീർഘ വീക്ഷണവും കാഴ്ചപ്പാടും ഇന്ത്യ യുഎഇ ബന്ധത്തിലെ ഏറ്റവും വലിയ സമ്പത്താണെന്നും മോദി പറഞ്ഞു.
രൂപയിലും ദിര്‍ഹത്തിലും വിനിമയം നടത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും യുഎഇയും ഒപ്പുവെച്ചു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെന്‍ട്രല്‍ ബാങ്കും ആണ് എംഓയുവില്‍ ഒപ്പുവെച്ചത്. രാജ്യാന്തര തലത്തിലെ ഇടപാടുകള്‍ക്കും, പണമടയ്ക്കലിനും, മെസേജയക്കുന്നതിനും ഉള്ള സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനും, പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നതിനുമാണ് യുഎഇ പ്രസിഡന്റ്ഷെയ്ഖ്
മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിധ്യത്തില്‍ 2 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചത്.
പ്രാദേശിക കറന്‍സികളില്‍ വ്യാപാരവിനിമയം നടത്തുന്നത് ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കും.സെപാ നിലവില്‍ വന്നതിന് ശേഷം ഇന്ത്യ-യുഎഇ വ്യാപാരത്തില്‍ 20 ശതമാനം വർദ്ധനവുണ്ടായെന്നും മോദി വിലയിരുത്തി. അബുദാബിയിലെ ഖസർ അല്‍ വതനില്‍ വച്ചായിരുന്നു പ്രസിഡന്‍റുമായുളള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടികാഴ്ച നടന്നത്. യുഎഇ ആതിഥ്യം വഹിക്കുന്ന കോപ് 28 ന് ഇന്ത്യയുടെ പൂർണപിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കോപ് നിയുക്ത പ്രസിഡന്‍റ് ഡോ സുല്‍ത്താന്‍ അല്‍ ജാബറുമായും അദ്ദേഹം കൂടികാഴ്ച നടത്തി.
ശനിയാഴ്ച രാവിലെ 9.41 ഓടെയാണ് നരേന്ദ്രമോദി അബുദാബിയിലെത്തിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുളള കൂടികാഴ്ചയ്ക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയ മോദിയെ ത്രിവർണ പതാകയേന്തിയ കുട്ടികളാണ് സ്വീകരിച്ചത്. രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദർശനത്തിന് ശേഷമാണ് നരേന്ദ്രമോദി യുഎഇയിലെത്തിയത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇ ഔദ്യോഗികമായി ക്ഷണിക്കാനും കൂടിയാണ് മോദി യുഎഇയിലെത്തിയത്. സന്ദർശനം പൂർത്തിയാക്കി വൈകീട്ടോടെ മോദി ഇന്ത്യയിലേക്ക് മടങ്ങി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.