എക സിവില്‍ കോഡ്: സിപിഎം സെമിനാറില്‍ ബിഡിജെഎസ് പങ്കെടുത്തതില്‍ ബിജെപിക്ക് അതൃപ്തി; എന്‍ഡിഎയില്‍ തര്‍ക്കം പുകയുന്നു

എക സിവില്‍ കോഡ്: സിപിഎം സെമിനാറില്‍ ബിഡിജെഎസ് പങ്കെടുത്തതില്‍ ബിജെപിക്ക് അതൃപ്തി; എന്‍ഡിഎയില്‍ തര്‍ക്കം പുകയുന്നു

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരായി സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ ബിഡിജെഎസ് പങ്കെടുത്തതിനെച്ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം പുകയുന്നു. മുന്നണിയുടെ ഭാഗമായിരിക്കെ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സെമിനാറില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു. എന്നാല്‍ അരയക്കണ്ടി സന്തോഷ് പങ്കെടുക്കുന്നതിനെ ന്യായീകരിച്ച് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തന്നെ രംഗത്തെത്തിയത് ബിജെപിക്ക് വലിയ തിരിച്ചടിയായി.

കേന്ദ്ര നയത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ പരിപാടികളില്‍ ഘടകകക്ഷി അംഗങ്ങള്‍ പങ്കെടുക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് ബിജെപി സംസ്ഥാന ഘടകത്തിനുള്ളത്. എസ്എന്‍ഡിപിയുടെ ലേബലിലാണെങ്കിലും അരയക്കണ്ടി സന്തോഷ് പങ്കെടുത്തതിനെ ബിജെപി ഒരു നിലയിലും ന്യായീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് ബിജെപി നേതാക്കള്‍ പരസ്യമല്ലാതെ തന്നെ പറയുകയും ചെയ്തു. 

സന്തോഷിനെ എസ്എന്‍ഡിപി ദേവസ്വം സെക്രട്ടറി എന്ന ലേബലിലാണ് സെമിനാറിലേക്ക് ക്ഷണിച്ചതെന്നാണ് ബിഡിജെഎസിന്റെ വിശദീകരണം. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കി. നേരത്തെ അരുണാചലിലെ ബിജെപി സഖ്യകക്ഷിയായ എന്‍പിപിയും, എഐഎഡിഎംകെയുമടക്കം ഏകീകൃത സിവില്‍ കോഡിനെതിരെ നിലപാടെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.