തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കെഎസ്ആര്‍ടിസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സി.ഉദയകുമാറാണ് അറസ്റ്റിലായത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ കെഎസ്ആര്‍ടിസി ഉടന്‍ സ്വീകരിക്കും.
ഇടനിലക്കാരനില്‍നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദയകുമാര്‍ പിടിയിലായത്. ഇടനിലക്കാരന്റെ പരാതിയിലാണ് വിജിലന്‍സ് നടപടി. 6.58 ലക്ഷം രൂപയുടെ ബില്ല് മാറുന്നതിന് ഒരു ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതാണ് കെഎസ്ആര്‍ടിസിയുടെ അവസ്ഥയെന്നും ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഒരിക്കലും നന്നാകില്ലെന്നും എംഡി ബിജു പ്രഭാകര്‍ പ്രതികരിച്ചു.
നല്ല രീതിയില്‍ സ്ഥാപനത്തെ കൊണ്ടുപോകാന്‍ ചിലരുടെ അജണ്ട മൂലം നടക്കില്ലെന്ന് എംഡി തുറന്നടിച്ചു. ചിലര്‍ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. സമരം നടത്തിയ യൂണിയനുകള്‍ക്കെതിരെ നടപടിയില്ല. കെഎസ്ആര്‍ടിസിയെ എങ്ങനെയും നന്നാക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്. പക്ഷെ കെഎസ്ആര്‍ടിസിയുടെ എല്ലാ നഷ്ടത്തിനും സര്‍ക്കാര്‍ പണം നല്‍കണമെന്ന് പറയാനാകില്ലെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിലെ വിഡിയോയില്‍ പറഞ്ഞു.
200 കോടി രൂപ പ്രതിമാസ വരുമാനമുണ്ടെങ്കില്‍ 100 കോടി ഡീസലിന് പോകും. ബാങ്കുകളിലെ ലോണ്‍ തിരിച്ചടവ് 30 കോടിയാണ്. അഞ്ചു കോടി രൂപ ബാറ്റയ്ക്കായി പോകും. സ്‌പെയര്‍പാട്‌സും മറ്റു ചിലവുകളും ചേര്‍ത്ത് 25 കോടി രൂപ വേണം. 40 കോടി രൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാന്‍ പ്രതിമാസം 91.92 കോടി രൂപ വേണം. സര്‍ക്കാര്‍ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂ എന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.