പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമം; കൊല്ലത്ത് യുവതി പിടിയില്‍

പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമം; കൊല്ലത്ത് യുവതി പിടിയില്‍

കൊല്ലം: കൊല്ലത്ത് വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശിനി രാഖിയാണ് പിടിയിലായത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ രേഖകളിലെ ഒപ്പാണ് യുവതിയെ കുടുക്കിയത്. പിന്നീട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്ത് വരികെയായിരുന്നു. രേഖകള്‍ സൂക്ഷമമായി പരിശോധിച്ച പി.എസ്.സി ഇവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

റവന്യൂ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായി നിയമനം ലഭിച്ചെന്ന ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എത്തിയത്. ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം ശനിയാഴ്ച രാവിലെ എത്തിയ രാഖി റവന്യു വകുപ്പില്‍ ജോലി ലഭിച്ചതായുള്ള പി.എസ്.സിയുടെ അഡൈ്വസ് മെമോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാനുള്ള അപ്പോയ്‌മെന്റ് ലെറ്റര്‍ എന്നിവ താലൂക്ക് ഓഫീസര്‍ക്ക് നല്‍കി. പരിശോധനയ്ക്കിടെ സംശയം തോന്നിയ ഓഫിസര്‍ രേഖകള്‍ സ്വീകരിക്കാതെ ഉദ്യോഗാര്‍ഥിയെ മടക്കി അയച്ചു. തുടര്‍ന്ന് കരുനാഗപ്പള്ളി തഹസില്‍ദാര്‍ക്കും ജില്ല കലക്ടര്‍ക്കും വിവരം കൈമാറി.

റവന്യൂ വകുപ്പില്‍ ജോലി നേടുന്നവരുടെ നിയമന ഉത്തരവില്‍ ഒപ്പിടുന്നത് ജില്ലാ കളക്ടറാണ്. എന്നാല്‍ റവന്യൂ ഓഫീസര്‍ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതാണ് ഉദ്യോഗസ്ഥന് സംശയം തോന്നാന്‍ ഇടയാക്കിയത്. സംശയം തോന്നിയ കരുനാഗപ്പള്ളി തഹസീല്‍ദാര്‍ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. യുവതി കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തിയതോടെയാണ് കുടുങ്ങിയത്.

പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ്, പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ, റവന്യൂ വകുപ്പിലെ നിയമന ഉത്തരവ് എന്നീ രേഖകള്‍ പരിശോധിച്ച പി.എസ്.സി ഉദ്യോഗസ്ഥര്‍ക്കും സംശയമായി. ഇവര്‍ രാഖിയേയും കൂടെയെത്തിയ ബന്ധുക്കളേയും തടഞ്ഞുവച്ചു. പൊലീസ് പി.എസ്.സി ഓഫീസില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയായാണ് കള്ളക്കളിയുടെ ചുരുള്‍ അഴിഞ്ഞത്.

എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ 22-ാം റാങ്ക് ലഭിച്ചെന്ന കാട്ടി രാഖി റാങ്ക് ലിസ്റ്റ് വ്യാജമായി നിര്‍മിച്ചു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് അഡൈ്വസ് മെമോ വ്യാജമായി നിര്‍മിച്ച് സ്വന്തം മേല്‍വിലാസത്തിലേക്ക് അയച്ചു. 15ന് ജോലിക്ക് കയറണമെന്ന് കാട്ടിയുള്ള വ്യാജ നിയമന ഉത്തരവും സ്വന്തം വിലാസത്തിലേക്ക് അയച്ചു. മൊബൈല്‍ ഫോണിന്റെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിര്‍മിച്ചതാണെന്ന് പ്രതി സമ്മതിച്ചു. മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.