96 വയസില്‍ കപ്പൂച്ചിന്‍ വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; ക്ഷമയുടെ 'ദുര്‍മാതൃക' കാട്ടിത്തന്നത് യേശുവെന്ന് സാക്ഷ്യം

96 വയസില്‍ കപ്പൂച്ചിന്‍ വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; ക്ഷമയുടെ 'ദുര്‍മാതൃക' കാട്ടിത്തന്നത് യേശുവെന്ന് സാക്ഷ്യം

ജോസ്‌വിൻ കാട്ടൂർ

വത്തിക്കാന്‍ സിറ്റി: കുമ്പസാരമെന്ന കൂദാശയിലൂടെ, അനേകരെ ആഴമായ ദൈവകരുണയുടെ അനുഭവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന 96 കാരനായ കപ്പൂച്ചിന്‍ വൈദീകനെ, കര്‍ദിനാള്‍ പദവിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. ബ്യൂണസ് അയേഴ്‌സിലെ പോംപെ മാതാവിന്റെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രത്തില്‍ വര്‍ഷങ്ങളായി കുമ്പസാരക്കാരനായി ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ഫാ. ലൂയിസ് പാസ്‌ക്വല്‍ ദ്രിയ്ക്കാണ് കര്‍ദിനാള്‍ പദവിയിലേക്കുള്ള നിയോഗം ലഭിച്ചത്.

വരുന്ന സെപ്റ്റംബര്‍ 30-ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരുടെ പട്ടികയില്‍ ഫാ. ലൂയിസ് അവസാന പേരുകാരനാണെങ്കിലും മാര്‍പ്പാപ്പയുടെ ഹൃദയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഒരിക്കലും അവസാനത്തേതായിരുന്നില്ല. കുമ്പസാരത്തെക്കുറിച്ചും കുമ്പസാരത്തിനായി അനുതാപത്തോടെ അണയുന്നവരെ എങ്ങനെ സ്വീകരിക്കണമെന്നതിനേക്കുറിച്ചും വൈദീകരുമായി തന്റെ അനുഭവങ്ങള്‍ പങ്കുവച്ച മിക്കവാറും അവസരങ്ങളില്‍, ഫാ. ലൂയിസിന്റെ ശുശ്രൂഷയെപ്പറ്റി പാപ്പാ എടുത്തു പറയുകയും അവര്‍ക്കൊരു മാതൃകയായി അദ്ദേഹത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.


ഫാ. ലൂയിസ് ദ്രി

ബ്യൂണസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ് ആയിരുന്നപ്പോള്‍, തന്നെ സന്ദര്‍ശിക്കാനെത്തുമായിരുന്ന ഫാ. ലൂയിസ് ദ്രിയുമായി നടത്തിയ സംഭാഷണങ്ങള്‍ ഓര്‍മിച്ച്, അല്‍പ്പം അതിശയോക്തി കലര്‍ന്ന ഭാഷയില്‍ പാപ്പാ ഒരിക്കല്‍ പറഞ്ഞു: പകല്‍ മുഴുവന്‍ കുമ്പസാരക്കൂട്ടില്‍ കഴിയുന്ന ഫാ. ലൂയിസ്, വൈകുന്നേരം സക്രാരിക്കു മുമ്പിലെത്തി ഇത്രയധികം പാപങ്ങള്‍ മോചിച്ചതിന് ഈശോയോട് ക്ഷമാപണം നടത്തിയ ശേഷം ഇങ്ങനെ പറയാറുണ്ടത്രെ - 'അങ്ങാണ് എനിക്ക് അളവില്ലാത്ത ക്ഷമയുടെ ഈ ദുര്‍മാതൃക തന്നത്!'

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഫാ. ദ്രി പറഞ്ഞു: പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നിനു മുമ്പ്, കര്‍ദിനാളായി ബ്യൂണസ് അയേഴ്‌സില്‍ ശുശ്രൂഷ ചെയ്യവേ, പലപ്പോഴും ഞാന്‍ പരിശുദ്ധ പിതാവിനെ സന്ദര്‍ശിക്കുകയും ഞങ്ങള്‍ തമ്മില്‍ ഹൃദയം തുറന്നു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരവസരത്തില്‍ ഞാന്‍ പറഞ്ഞ ഈ വാക്കുകള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കത്തക്കവിധം പാപ്പയെ ആഴമായി സ്പര്‍ശിച്ചു. ദൈവകരുണയെക്കുറിച്ചും അവിടുത്തെ ക്ഷമയെക്കുറിച്ചും സന്ദേഹങ്ങള്‍ ഉണ്ടായിട്ടുള്ള അവസരങ്ങളില്‍ അദ്ദേഹം എനിക്കു നല്‍കാറുണ്ടായിരുന്ന ഉപദേശം 'ക്ഷമിക്കുക, ക്ഷമിക്കുക, വീണ്ടും വീണ്ടും ക്ഷമിക്കുക' എന്നതായിരുന്നു.

കര്‍ദിനാള്‍ സ്ഥാനമെന്ന പുതിയ നിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫാ. ദ്രി ഇപ്രകാരമാണ് മറുപടി പറഞ്ഞത്: പാപ്പാ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ പ്രതി ഞാന്‍ പാപ്പായ്ക്ക് നന്ദി പറയുന്നു. കാരണം, ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല. എനിക്ക് ഉന്നത വിദ്യാഭ്യാസമോ, ഡോക്ടറേറ്റുകളോ ഇല്ല. എന്നാല്‍ കരുണയുള്ള വാക്കുകളാല്‍ എല്ലാവരെയും സഹായിക്കാനും എല്ലാവരോടും അടുപ്പം കാത്തുസൂക്ഷിക്കാനും ആരെയും അവഗണിക്കാതിരിക്കാനും ജീവിതം എന്നെ പഠിപ്പിച്ചു.

കുമ്പസാരക്കാരായ വൈദീകര്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഫാ. ലൂയിസ് പറഞ്ഞത്, പാപ്പാ പറയുന്നതിനേക്കാള്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്നാണ്. ഒരു പുരോഹിതന്‍ എപ്പോഴും കരുണയുടെ വസ്ത്രമണിഞ്ഞു വേണം കുമ്പസാരക്കൂട്ടില്‍ ഇരിക്കേണ്ടത് - അദ്ദേഹം ഒര്‍മ്മിപ്പിച്ചു.

ജീവിത കാലത്തിന്റെ നല്ലൊരു ഭാഗവും കുമ്പസാരക്കൂട്ടില്‍ ചെലവിട്ട ഫാ. ലെയോപോള്‍ഡ് മാന്‍ഡിക്കും പാദ്രേ പിയോയുമാണ് ശുശ്രൂഷയില്‍ തന്റെ മാതൃകയെന്ന് ഫാ. ലൂയിസ് പറഞ്ഞു. 1960 ല്‍ വിശുദ്ധ പാദ്രേ പിയോയോടൊപ്പം ഒരേ ആശ്രമത്തില്‍ ആയിരിക്കുവാന്‍ ലഭിച്ച ഭാഗ്യത്തെ ഫാ. ദ്രി നന്ദിപൂര്‍വ്വം അനുസ്മരിച്ചു. ദൈവീകമായ കരുണയും സ്‌നേഹവും സമാധാനവും ശാന്തിയും കൂടുതലായി പഠിച്ചത് ഈ രണ്ടു വിശുദ്ധരില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

1927 ഏപ്രില്‍ 17-ന് അര്‍ജന്റീനയിലെ എന്‍ത്രെ റിയോസ് പ്രവിശ്യയിലെ ഫെദെറാഷിയോനില്‍, ദൈവവിളികളാല്‍ സമ്പന്നമായ ഒരു കുടുംബത്തിലാണ് ഫാ. ലൂയിസിന്റെ ജനനം. നന്നേ ചെറുപ്പത്തില്‍ത്തന്നെ ബാലനായ ലൂയിസ് കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടു. 1938-ല്‍, പതിനൊന്നാമത്തെ വയസില്‍ കപ്പുച്ചിന്‍ സെമിനാരിയില്‍ പ്രവേശിച്ച് പഠനമാരംഭിച്ചു. 1952-ല്‍ അദ്ദേഹം വൈദികനായി അഭിഷിക്തനായി. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പദവികളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം, 2007 ല്‍ വിരമിച്ചു. അതിനു ശേഷം ബ്യൂണസ് അയേഴ്‌സിലെ പോംപെ മാതാവിന്റെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഒരു കുമ്പസാരക്കാരനായി ശുശ്രൂഷ ചെയ്തുവരുന്നു. അനുരഞ്ജന കൂദാശയിലൂടെ, അനേകര്‍ക്ക് ദൈവകരുണയുടെ ഒരു നേര്‍സാക്ഷ്യമായി ഫാ. ലൂയിസ് ദ്രി തന്റെ ശുശ്രൂഷകള്‍ തുടരുന്നു.

കൂടുതല്‍ വത്തിക്കാന്‍ വാര്‍ത്തകള്‍ക്കായി ചുവടെ ക്ലിക്ക് ചെയ്യാം

https://cnewslive.com/author/47503/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.