കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര്യമായ വിജയം നേടാനാകാത്ത സാഹചര്യത്തില്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ അങ്കത്തിന് കോപ്പു കൂട്ടുകയാണ് ബിജെപി. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രധാന സ്ഥാനാര്‍ഥികളുടെ കരട് പരിഗണനാ പട്ടിക വരെ തയ്യാറായി.
ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി കാസര്‍ഗോഡും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയിലും മല്‍സരിച്ചേക്കും. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരും പട്ടികയിലുണ്ട്. കെ സുരേന്ദ്രനുമായി ഉടക്കി പ്രവര്‍ത്തനരംഗത്തു നിന്നു വിട്ടുനില്‍ക്കുന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ തിരുവനന്തപുരം കാട്ടാക്കടയിലാണ് പരിഗണിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ രണ്ടേമുക്കാല്‍ ലക്ഷം വോട്ടു നേടിയ ആറ്റിങ്ങല്‍ മണ്ഡലത്തില്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് കാട്ടാക്കട.
നിലവില്‍ ഒ രാജഗോപാലിന്റെ സിറ്റിംഗ് സീറ്റായ നേമത്ത് അദ്ദേഹം മല്‍സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മല്‍സരിക്കാനാണ് സാധ്യത. കുമ്മനത്തെ ചെങ്ങന്നൂരിലും പരിഗണിക്കുന്നുണ്ട്. പക്ഷേ, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പി എസ് ശ്രീധരന്‍ പിള്ള സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങും എന്ന സൂചന നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം തിരിച്ചുവന്നാല്‍ ചെങ്ങന്നൂരില്‍ മല്‍സരിച്ചേക്കും.
രാജ്യസഭാംഗം സുരേഷ് ഗോപിക്കും നേമത്ത് നോട്ടമുണ്ട്. സുരേഷ് ഗോപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മല്‍സരിക്കട്ടെ എന്നാണ് ബിജെപി നിലപാട്. കൊല്ലം മണ്ഡലത്തിലും അദ്ദേഹത്തെ പരിഗണിക്കുന്നു. സെന്‍കുമാറിനെ കഴക്കൂട്ടത്തും ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും ജി മാധവന്‍ നായരെ നെയ്യാറ്റിന്‍കരയിലുമാണ് കരടു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന്റെ ഉടമയും ശ്രമിക്കുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പാലക്കാട്ടും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ കുന്ദമംഗലത്തും പരിഗണിക്കുന്നു. കുന്ദമംഗലത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും പട്ടികയിലുണ്ട്.
പി സി ജോര്‍ജ്ജ് പൂഞ്ഞാറിലും മകന്‍ ഷോണ്‍ ജോര്‍ജ്ജ് കോട്ടയത്തും പി സി തോമസ് തൊടുപുഴയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ തയ്യാറായാല്‍ ബിജെപി പരിഗണിക്കും. മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കും.
മുമ്പ് സിപിഎം സ്വതന്ത്രനായി അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. എസ് സുരേഷിനെ വാമനപുരത്തും വി വി രാജേഷിനെ വട്ടിയൂര്‍ക്കാവിലും മല്‍സരിപ്പിക്കാനാണ് ആലോചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.