'ഏക സിവില്‍ കോഡില്‍ സൂക്ഷിച്ച് പ്രതികരിക്കണം; നിലപാട് കരട് ബില്‍ വന്ന ശേഷം മതി': കോണ്‍ഗ്രസിന് നിയമ വിദഗ്ധരുടെ ഉപദേശം

'ഏക സിവില്‍ കോഡില്‍ സൂക്ഷിച്ച് പ്രതികരിക്കണം; നിലപാട് കരട് ബില്‍ വന്ന ശേഷം മതി': കോണ്‍ഗ്രസിന് നിയമ വിദഗ്ധരുടെ ഉപദേശം

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ സൂക്ഷ്മതയോടെ പ്രതികരണങ്ങള്‍ നടത്താനും കരട് ബില്‍ വന്ന ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നും കോണ്‍ഗ്രസിന് വിദഗ്‌ധോപദേശം. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയിലെ നിയമ വിദഗ്ധരാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്.

മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, മനു അഭിഷേക്  സിങ് വി, മനീഷ് തിവാരി, വിവേക് തന്‍ഖ, കെ.ടി.എസ്. തുളസി തുടങ്ങിയവരാണ് ഏക സിവില്‍ കോഡ് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ഇവര്‍ തങ്ങളുടെ നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും.

വിഷയം ഏറെ സങ്കീര്‍ണമായതിനാല്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ നേതാക്കള്‍ പ്രതികരണം നടത്താവൂ. ഒരു നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് വിവിധ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.

തിടുക്കത്തില്‍ തന്നെ എതിര്‍പ്പുയര്‍ത്തുന്നതും അനുകൂലിക്കുന്നതും തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കരട് ബില്‍ വരുന്നത് വരെ കാത്തിരിക്കാനാണ് നേരത്തെ ഇത് സംബന്ധിച്ച് ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമായത്. അതേ സമയം വൈവിധ്യങ്ങള്‍ക്ക് മേലുള്ള ആക്രമണമാണ് ഏക സിവില്‍ കോഡെന്ന് യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷ സഖ്യത്തിലും ഭിന്നതയുണ്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും എ.എ.പിയും ഇതിനോടകം ഏക സിവില്‍ കോഡിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഡി.എം.കെയും മുസ്ലിം ലീഗും എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ചില കോണ്‍ഗ്രസ് നേതാക്കള്‍ ഏക സിവില്‍ കോഡിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയത് ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് നിര്‍ദേശം വന്നിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.