മുംബൈ: മുംബൈയില്‍ നാലംഗ കുടുംബത്തിന്റെ ഉല്ലാസ യാത്ര തീരാവേദനയായി മാറി. ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്റില്‍ കടല്‍ കാണാനെത്തിയ കുടുംബമാണ് ദാരുണമായ അപകടം നേരിട്ടത്. കടല്‍ത്തീരത്തെ പാറക്കെട്ടിലിരുന്ന് ഭര്‍ത്താവിനൊപ്പം വീഡിയോ എടുക്കുന്നതിനിടെ മക്കളുടെ കണ്‍മുന്നില്‍ യുവതി തിരയില്‍പ്പെട്ട് മരിച്ചു.
ബാന്‍ഡ്സ്റ്റാന്റില്‍ ഭര്‍ത്താവും മക്കളുമൊന്നിച്ച് കടല്‍ കാണാനെത്തിയ ജ്യോതി സോനാര്‍ (27) ആണ് മരിച്ചത്. ജ്യോതി അപകടത്തില്‍ പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുംബൈ സ്വദേശികളാണ് ദമ്പതികള്‍.
ഭര്‍ത്താവുമൊന്നിച്ച് കടല്‍ തീരത്തുള്ള പാറയില്‍ ഇരിക്കുകയായിരുന്നു ജ്യോതി. ഈ സമയത്ത് ഇവരുടെ വീഡിയോ മക്കള്‍ ചിത്രീകരിക്കുന്നുണ്ട്. പെട്ടെന്ന് അപ്രതീക്ഷിതമായി എത്തിയ തിരമാലയില്‍ പെട്ട് ജ്യോതി കടലിലേക്ക് വീഴുകയായിരുന്നു. വീഡിയോ എടുത്തു കൊണ്ടിരുന്ന മക്കളുടെ കണ്‍മുന്നിലാണ് അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്. സംഭവസമയം ഇവരുടെ മൂന്നു മക്കള്‍ കരയില്‍നിന്ന് അലറിവിളിക്കുന്നത് വിഡിയോയില്‍ കാണാം.
തിരമാലയില്‍പെട്ട് ജ്യോതിയും ഭര്‍ത്താവ് മുകേഷും കടലിലേക്ക് വീണു. മുകേഷിന് ജ്യോതിയുടെ സാരിത്തുമ്പില്‍ പിടികിട്ടിയെങ്കിലും തിരയില്‍പെട്ട് യുവതി ഒലിച്ചു പോകുകയായിരുന്നു. ഈ സമയത്ത് കരയിലുണ്ടായിരുന്നവര്‍ മുകേഷിന്റെ കാലില്‍ പിടിച്ച് വലിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് മുംബൈ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ജ്യോതിയെ കണ്ടെത്താനായില്ല. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.
ജ്യോതിയും മുകേഷും ആദ്യം പോകാന്‍ പദ്ധതിയിട്ടിരുന്നത് ജുഹു ചൗപാട്ടി ബീച്ചിലേക്കായിരുന്നു. എന്നാല്‍, കടല്‍ക്ഷോഭം കാരണം ഇവിടേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നതിനാല്‍ യാത്ര ബാന്ദ്രയിലേക്ക് മാറ്റുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.