ആലപ്പുഴ: ചന്ദ്രയാൻ 3 യുടെ വിക്ഷേപണത്തോടെ ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമാകുമോ ഇന്ത്യ എന്നാണ് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. രാജ്യത്തിൻറെ യശസ്സ് വാനോളം ഉയർത്തി ചന്ദ്രയാൻ 3 നടത്തിയ കുതിപ്പിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണ് എന്നാണ് ഇപ്പോൾ ലോകം തിരയുന്നത്. ഇതൊരു ടീം വർക്കാണ് എങ്കിലും ഈ അതി മഹത്തായ പ്രൊജക്റ്റിന് പിന്നിൽ നിരവധി മലയാളി കരങ്ങളുണ്ട്.
മുട്ടാർ സ്വദേശിയായ ബിജു സി. തോമസ് അടക്കം കുട്ടനാട്ടിൽനിന്നു നാലു പേർ ദൗത്യത്തിൻറെ ഭാഗമായി. ചന്ദ്രയാൻ 3നെ ബഹിരാകാശത്തിലെത്തിക്കുന്ന റോക്കറ്റ് എൽവിഎം 3 എം 4ൻറെ വെഹിക്കിൾ ഇൻസ്പക്ടറെന്ന നിലയിലാണ് ബിജു ദൗത്യത്തിൽ പങ്കാളിയായത്.
റോക്കറ്റിനെ ഉദ്ദേശിച്ച പാതയിൽ നിലനിർത്തുന്ന നിയന്ത്രണസം വിധാനം, റോക്കറ്റ് ഘടകങ്ങളുടെ സ്ഥിതി പരിശോധിക്കാനുള്ള ചെക്കൗട്ട് തുടങ്ങിയ മേഖലയിലാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻററിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. 1997 മുതൽ ഐഎസ്ആർഒയുടെ ഭാഗമായിരുന്നു. മുട്ടാർ സെയ്ന്റ്‌ജോർജ് എൽ.പി. സ്‌കൂളിലും സെയ്ന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിൽനിന്ന് എൻജിനിയറിങ് ബിരുദവും ബെംഗളൂരു ഐ.ഐ.സി.യിൽനിന്നു സിഗ്നൽ പ്രോഗ്രാമിൽ ബിരുദാനന്തര ബിരുദവും നേടി. ചെറുപുഷ്‌പ മിഷൻ ലീഗ് ചങ്ങനാശ്ശേരി അതിരൂപതാ പ്രസിഡണ്ടായും എടത്വ ഫൊറോനാ ഭാരവാഹി ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുട്ടാർ ചീരംവേലിൽ അധ്യാപക ദമ്പതിമാരായ തോമസ് എഫ്. ചീരംവേലിന്റെയും മറിയാമ്മാ തോമസിന്റെയും മകനാണ് ബിജു തിരുവനന്തപുരം വിമൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ റീനിയാണ് ഭാര്യ. മക്കൾ: തോമസ് ബിജു, പോൾ ബിജു. നിലവിൽ തിരുവനന്തപുരം കേശവദാസപുരത്താണു താമസം
ചാന്ദ്രയാൻ 3 യുടെ ചരിത്ര നേട്ടത്തിൽ പുളിങ്കുന്ന് പുത്തൻപറമ്പിൽ കുടുംബവും ആഹ്ലാദത്തിലാണ്. പുത്തൻപറമ്പിൽ ഫ്രാൻസിസിൻറെയും ആനിയമ്മയുടെയും മകൻ ബാലു ഫ്രാൻസിസാണ് ചരിത്ര ദൗത്യത്തിൽ പങ്കാളിയായ മറ്റൊരാൾ. തിരുവനന്തപുരം വലിയമലയിലുള്ള എൽപിഎസ്സി (ലിക്വിഡ് പ്രൊപ്പൻഷൻ സിസ്റ്റം സെൻറർ)ലെ ശാസ്ത്രജ്ഞനായ ബാലു 2007 മുതൽ ഐഎസ്ആർഒയുടെ ഭാഗമാണ്. നിലവിൽ ക്രയോജനിക് എൻജിൻ ഡപ്യൂട്ടി ഡിവിഷൻ ഹെഡ് ആണ്. ഐഎസ്ആർഒയുടെ ശക്തിയേറിയ റോക്കറ്റുകളായ ജിഎസ്എൽവി എംകെ-2 എൽവിഎം-3 എന്നിവ അവസാനഘട്ടത്തിൽ ജ്വലിക്കുന്നതു ക്രയോജനിക് എൻജിനിലാണ്.
ബാലു പുളിങ്കുന്നു സെൻറ് ജോസഫ് ഹൈസ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി. കോതമംഗലം എൻജിനിയറിംഗ് കോളജിൽനിന്നു ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗ് പഠന ശേഷമാണ് ഐഎസ്ആർഒയിൽ ചേർന്നത്. ഭാര്യ ഡോ.മീനു ജോസ് ഇവാനിയോസ് കോളജിൽ അസിസ്റ്റൻറ് പ്രഫസറാണ്. മകൾ നദിൻ മുക്കോല. മകൻ: ജോസഫ് ചെമ്പക.
അസോസിയേറ്റ് വെഹിക്കിൾ ഡയറക്ടർ പി.കെ. സുധീഷ്‌കുമാർ വയലാർ ഒളതല പോട്ടച്ചിറയിൽ കാഞ്ചനവല്ലിയമ്മയുടെയും പരേതനായ പി.കെ. കരുണാകരന്റെയും മകനാണ്. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിനുകീഴിൽ പത്തുവർഷത്തോളം എൽ.വി.എം-3 റോക്കറ്റ് വികസനസമയത്തെ പ്രവർത്തനമാണ് വഴിത്തിരിവായത്. കാവിൽ സ്‌കൂളിലും ആലപ്പുഴ പോളിടെക്‌നിക്കിലും ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ ഐ.ഐ.ടിയിൽനിന്നു എയ്‌റോസ്‌പേസ് സ്‌ട്രക്‌ച്ചറൽ ഡിസൈനിൽ ബിരുദാനന്തരബിരുദമുണ്ട്.
കഴിഞ്ഞ മാർച്ചിൽ വിക്ഷേപിച്ച എൽ.വി.എം-3-എം 3 വൺ വെബ്ബ് ഇന്ത്യ 2, ദൗത്യത്തിന്റെ ഡെപ്യൂട്ടി വെഹിക്കിൾ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. റോക്കറ്റ് സ്ട്രക്‌ച്ചറുകളുടെ രൂപകല്പന, റോക്കറ്റ് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ശബ്ദം, ഉപകരണങ്ങളിൽ സംഭവിക്കുന്ന പ്രകമ്പനങ്ങൾ ഇവയുടെ ടെസ്റ്റിങ് തുടങ്ങിയ മേഖകളിലാണു പ്രവർത്തിക്കുന്നത്. ഭാര്യ: ജി. ലക്ഷ്മി. മകൾ: നിഹാരികാ സുധീഷ്. നിലവിൽ തിരുവനന്തപുരം പ്ലാമൂട്ടിലാണു താമസം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.