ന്യൂഡല്‍ഹി: ബിജെപിയെ ചെറുക്കാനുള്ള പ്രതിപക്ഷ സഖ്യ നീക്കങ്ങള്‍ക്കെതിരെ മറുതന്ത്രമൊരുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ എന്‍ഡിഎ യോഗം. ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ അവകാശപ്പെട്ടു.
നരേന്ദ്ര മോഡിയുടെ വികസന അജണ്ടകളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും താല്‍പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാര്‍ട്ടികള്‍ വരുമെന്ന് നാളെ അറിയാമെന്നും അദേഹം പറഞ്ഞു. കൂടുതല്‍ പാര്‍ട്ടികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ പ്രതിപക്ഷ യോഗത്തിന് മറുപടി നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. അകറ്റി നിര്‍ത്തിയിരുന്ന പല കക്ഷികളെയും ദേശീയ അധ്യക്ഷന്‍ തന്നെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബിജെപിയുടെ ആത്മവിശ്വാസം അതിര് കടന്നതോടെ എന്‍ഡിഎ ഏറെക്കുറെ ശിഥിലമായിരുന്നു. പാറ്റ്‌ന യോഗത്തെ പ്രതിപക്ഷ നാടകമെന്നും ഫോട്ടോ സെഷന്‍ എന്നുമൊക്കെ പരിഹസിച്ച് അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ഐക്യനിരയില്‍ കക്ഷികളുടെ എണ്ണം കൂടി തുടങ്ങിയതോടെ കളികാര്യമാകുകയാണെന്ന് ബിജെപി തിരിച്ചറിഞ്ഞു.
ഡല്‍ഹി ഓര്‍ഡിനന്‍സില്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ച നടക്കും. വെഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നീ കക്ഷികള്‍ മാറി ചിന്തിച്ചില്ലെങ്കില്‍ ബില്‍ രാജ്യസഭയില്‍ പാസാകുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. രണ്ട് പാര്‍ട്ടികളും പ്രതിപക്ഷ ഐക്യത്തോട് സഹകരിക്കുന്നില്ല.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എതിര്‍പ്പുയരുന്നതിനാല്‍ ഏക സിവില്‍കോഡ് ചര്‍ച്ചക്കെടുത്തേക്കില്ല. മണിപ്പൂരടക്കം കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായ വിഷയങ്ങളില്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം കൂടുതല്‍ കരുത്തു കാട്ടുമെന്നതിനാല്‍ അതിനെ ചെറുക്കാനുള്ള മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.