ത്രിമൂര്‍ത്തികളില്‍ രാജകുമാരന്‍ ഇനിയില്ല; അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വ സഹവര്‍ത്തിത്വത്തിന്റെ കഥ

ത്രിമൂര്‍ത്തികളില്‍ രാജകുമാരന്‍ ഇനിയില്ല; അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വ സഹവര്‍ത്തിത്വത്തിന്റെ കഥ

തിരുവനന്തപുരം: രാഷ്ട്രീയത്തിലെ അത്യപൂര്‍വമായ സഹവര്‍ത്തിത്വത്തിന്റെ കഥയിലെ രാജകുമാരന്‍ ഇനിയില്ല. കേരളത്തിന്റെയും കോണ്‍ഗ്രസിന്റെയും അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അതികായന്മാരായ ത്രിമൂര്‍ത്തികളില്‍ ഒരാള്‍ യാത്ര പറഞ്ഞു. ശേഷിക്കുന്ന രണ്ട് പേര്‍ക്ക് നഷ്ടപ്പെടലിന്റേയും ഏകാന്തതയുടെയും ഭാരം സമ്മാനിച്ച്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അത്യപൂര്‍വമായ സഹവര്‍ത്തിത്വത്തിന്റെ കഥ കൂടിയാണിത് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിലൂടെ അവസാനിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെ തലമുറയ്ക്ക് ശേഷം കോണ്‍ഗ്രസിലേക്ക് മാറ്റം കൊണ്ടുവന്ന മൂന്ന് നേതാക്കളായിരുന്നു വയലാര്‍ രവിയും എ.കെ. ആന്റണിയും പിന്നെ ഉമ്മന്‍ചാണ്ടിയും. രവിയും ആന്റണിയും കെ.എസ്.യു കാലം മുതല്‍ ഒന്നിച്ചും പരസ്പരം മത്സരിച്ചും മുന്നേറിയപ്പോള്‍ മറുവശത്ത് ആന്റണിയും ഉമ്മന്‍ചാണ്ടിയും എക്കാലത്തും ഒന്നിച്ചായിരുന്നു.

എ.കെ. ആന്റണി ഇല്ലാതെ പൂര്‍ത്തിയാകില്ല ഉമ്മന്‍ചാണ്ടിയുടെ ജീവചരിത്രം. അതുപോലെ ഉമ്മന്‍ചാണ്ടി ഇല്ലാതെ ഒരു താളു പോലും മുന്നോട്ടു കൊണ്ടുപോകാനാകുന്നതുമല്ല ആന്റണിയുടെ ജീവിത കഥയും. ഇവര്‍ മൂന്ന് പേരും ഒരുമിച്ചില്ലാതെ അപൂര്‍ണമാണ് കേരളത്തിന്റെയും കോണ്‍ഗ്രസിന്റെയും അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രവും.

1964 ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം കോണ്‍ഗ്രസില്‍ ഉണ്ടായ ഏറ്റവും വലിയ പിളര്‍പ്പ് ആന്റണി-കരുണാകരന്‍ ഗ്രൂപ്പുകളായിരുന്നു. ഒരു പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴും ആശയപരമായും നേതൃത്വപരമായും എന്നും രണ്ടു തട്ടിലായിരുന്നു ഇരു വിഭാഗങ്ങളും. എ ഗ്രൂപ്പ് എന്ന് പിന്നീട് അറിയപ്പെട്ട ആന്റണി ഗ്രൂപ്പ് ഉണ്ടാക്കിയതും നയിച്ചതും കൊണ്ട് നടന്നതും എക്കാലത്തും ഉമ്മന്‍ചാണ്ടിയായിരുന്നു. ആന്റണിയുടെ നേതൃത്വത്തില്‍ മുന്നണിമാറ്റ ഘട്ടങ്ങളിലും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നതിലുമൊക്കെ നിര്‍ണായകമായത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളാണ്.

1972 ല്‍ എ.കെ. ആന്റണി കെപിസിസി പ്രിസഡന്റാകുമ്പോള്‍ മാത്രമല്ല 1977 ല്‍ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകുമ്പോഴും മുന്ന് വയസിന് ഇളപ്പമായ ഉമ്മന്‍ചാണ്ടിയായിരുന്നു ശക്തികേന്ദ്രം. 1995 ല്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായി കരുണാകരന്‍ പുറത്തുപോകുമ്പോള്‍ സംശയമുന ഉയര്‍ന്നത് ആന്റണിക്ക് നേരേ ആയിരുന്നില്ല ഉമ്മന്‍ചാണ്ടിക്ക് നേരെ ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി 2001 ല്‍ എ.കെ. ആന്റണി അധികാരത്തിലെത്തുമ്പോഴും രണ്ടാമന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു.

രണ്ടുവട്ടം കരുണാകരന് പകരക്കാരനായി ആന്റണിയെ കൊണ്ടുവന്ന ഉമ്മന്‍ചാണ്ടി 2004 ല്‍ ആന്റണിയുടെ പകരക്കാരനായി. പിന്നെ ഡല്‍ഹിയില്‍ ദേശീയ രാഷ്ട്രീയത്തിന്റെ താക്കോല്‍ സ്ഥാനത്ത് എ.കെ. ആന്റണിയും തിരുവനന്തപുരത്ത് കേരള രാഷ്ട്രീയത്തിന്റെ അമരത്ത് ഉമ്മന്‍ചാണ്ടിയും. ഒന്നരപതിറ്റാണ്ടിലേറെ തുടര്‍ന്നു ആ അപൂര്‍വ സമവാക്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.