യുഎഇയെ സ്നേഹിച്ച ഉമ്മന്‍ചാണ്ടി

യുഎഇയെ സ്നേഹിച്ച ഉമ്മന്‍ചാണ്ടി

ദുബായ്: ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനോട് ഹൃദയബന്ധമുണ്ട് പ്രവാസികള്‍ക്കും. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും യുഎഇയിലേക്ക് പലപ്പോഴും അദ്ദേഹം എത്തിയിട്ടുണ്ട്. സാധാരണ പ്രവാസികള്‍ മുതല്‍ വ്യവസായ പ്രമുഖർ വരെയുളളവർക്ക് പ്രിയങ്കരനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന ഒസി. വിമാന ടിക്കറ്റ് വർദ്ധനയെന്ന പ്രവാസികളുടെ എല്ലാക്കാലത്തേയും വലിയ പ്രശ്നത്തിന് പരിഹാരമായി കേരളത്തിന് സ്വന്തമായി വിമാനകമ്പനിയെന്ന ആശയം പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ്. തടസ്സങ്ങള്‍ മൂലം എയർകേരള നടന്നില്ലെങ്കിലും പ്രവാസികളുടെ പുനരധിവാസം മുതല്‍ വോട്ടവകാശം വരെയുളള കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി.

മകള്‍ അച്ചു ഉമ്മന്‍ ദുബായില്‍ സ്ഥിരതാമസക്കാരിയാണെന്നുളളതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ യുഎഇ യാത്രകള്‍ക്ക് ഹൃദയബന്ധത്തിന്‍റെ ആഴം പ്രകടമായിരുന്നു. 1990 മുതല്‍ യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന് അഭിനന്ദനവും വിമർശനവും ഒരുപോലെ നേടിക്കൊടുത്ത ജനസമ്പർക്കപരിപാടിയുടെ പതിപ്പ് യുഎഇയിലും നടന്നിരുന്നുവെന്നുളളതും ഒസിയെന്ന രാഷ്ട്രീയ നേതാവിന് മാത്രം സാധിക്കുന്ന കാര്യം.

ഉമ്മന്‍ചാണ്ടി യുഎഇയിലെത്തിയാല്‍ നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന സാമൂഹ്യപ്രവർത്തകരില്‍ ഒരാളാണ് പുന്നക്കന്‍ മുഹമ്മദലി. ഇവിടെയെത്തിയാല്‍ അദ്ദേഹത്തിന് ആതിഥ്യമരുളുന്നത് പ്രവാസി കോൺഗ്രസിന്‍റെ മുതിർന്ന നേതാവായ എം.ജി.പുഷ്പാംഗദനായിരുന്നു. ഓരോ തവണയും ഉമ്മന്‍ചാണ്ടിയെത്തുമ്പോള്‍ അദ്ദേഹത്തെ കാണാനായി നിരവധി പ്രവാസികള്‍ എത്താറുണ്ടെന്നുളളത് ഈ സുഹൃത്തുക്കളുടെ അനുഭവ സാക്ഷ്യം. അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകും വഴിയാണ് അവസാനമായി അദ്ദേഹം യുഎഇയില്‍ എത്തിയത്. അസുഖബാധിതനായിരുന്നപ്പോഴും ചികിത്സയ്ക്കൊടുവില്‍ ആരോഗ്യവാനായി അദ്ദേഹം തിരിച്ചുവരുമെന്നുതന്നെയാണ് അദ്ദേഹത്തോട് അടുപ്പമുളളവർ പ്രതീക്ഷിച്ചിരുന്നത്. മടക്കമില്ലാത്ത യാത്രയ്ക്ക് പ്രിയ നേതാവൊരുങ്ങുമ്പോള്‍ പ്രാർത്ഥനയോടെ യാത്രപറയുകയാണ് പ്രവാസലോകവും.

അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകള്‍

പൊതു പ്രവർത്തനത്തിലൂടെ ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയനായകനായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഇന്‍കാസ് അനുസ്മരിച്ചു. രാപ്പകൽ ഭേദമന്യേ ഭക്ഷണം പോലും ഉപേക്ഷിച്ച് ജനങ്ങളോടൊപ്പം നിന്ന ജനകീയനേതാവാണ് അദ്ദേഹം. ജനസമ്പർക്കപരിപാടിയിലൂടെ നിരവധി പേരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഇന്‍കാസ് അനുസ്മരിച്ചു.

ഒരു പുരുഷായുസ് മുഴുവന്‍ സമൂഹത്തിന് സമർപ്പിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് ദുബായ് കെ എം സി സി അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ഓർമ ദുബായ് (ഓവർസീസ് മലയാളി അസോസിയേഷൻ) അനുശോചനം രേഖപ്പെടുത്തി. കക്ഷി രാഷ്‌ട്രീയത്തിനതീതമായ എല്ലാ തലത്തിലും സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നതെന്ന് ഓർമ്മ അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.