സങ്കടക്കടലായി തലസ്ഥാന നഗരം: ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബുധനാഴ്ച കോട്ടയത്തേക്ക്; സംസ്‌കാരം വ്യാഴാഴ്ച

സങ്കടക്കടലായി തലസ്ഥാന നഗരം: ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബുധനാഴ്ച കോട്ടയത്തേക്ക്; സംസ്‌കാരം വ്യാഴാഴ്ച

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യഞ്ജലിയര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയില്‍ ചൊവ്വാഴ്ച രാത്രി വൈകിയും വന്‍ ജനപ്രവാഹം.

പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വിവിധ സ്ഥലങ്ങളിലെ പൊതുദര്‍ശന വേദികളില്‍ എത്തിയത്. ആദരമര്‍പ്പിക്കാന്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ പ്രതീക്ഷിച്ചതിലും വൈകിയാണ് ഓരോ സ്ഥലത്തേയും പൊതുദര്‍ശനം നടക്കുന്നത്.

ദര്‍ബാര്‍ ഹാളില്‍ നിന്ന് തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തിഡ്രലില്‍ എത്തിച്ച മൃതദേഹം അല്‍പം മുന്‍പ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിച്ചു. ഇവിടെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീണ്ടും ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോവും.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ച രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.

വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്നിന് അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പുതുപ്പള്ളി പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും.

പുതുപ്പള്ളിയില്‍ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവല്ലയില്‍ നിന്നും തിരുവനന്തപുരത്ത് ഭാഗത്തേക്ക് പോകുന്ന വലിയ ഭാരവാഹനങ്ങള്‍ കായംകുളം വഴി ദേശീയ പാതയിലൂടെ പോകണമെന്ന് പോലീസ്‌നിര്‍ദേശിച്ചു. കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ബെംഗളൂരുവില്‍ മുന്‍മന്ത്രി ടി. ജോണിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്മാരായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും വലിയ ജനാവലിയും ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ ജഗതിയിലെ പുതുപ്പള്ളി ബംഗ്ലാവില്‍ എത്തിച്ചു.

പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി, മൃതദേഹം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ എം.ബി. രാജേഷ്, ആര്‍. ബിന്ദു എന്നിവര്‍ ഇവിടെയെത്തിയാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ഇവരെക്കൂടാതെ മറ്റുപ്രമുഖരും ദര്‍ബാര്‍ ഹാളിലെത്തി ആദരമര്‍പ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.