തിരുവനന്തപുരം: വിവാദമായ എഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണിന് നല്‍കേണ്ട കരാര്‍ തുകയില്‍ കുറവ് വരുത്തി സമഗ്ര കരാറിനൊരുങ്ങി സര്‍ക്കാര്‍. ഈ മാസം അവസാനത്തോടെ രൂപം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പ്രാഥമിക കരാര്‍ പ്രകാരമുള്ള 232.25 കോടിയിലാകും കുറവു വരുത്തുക.
കൂടിയ തുകയ്ക്കുള്ള കരാറില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് നടപടി. സമഗ്ര കരാറില്‍ തുക കുറച്ച് വിവാദത്തില്‍ നിന്ന് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എത്രയാണ് കുറയ്ക്കുന്നതെന്നതില്‍ തീരുമാനമായിട്ടില്ല. ക്യാമറ പ്രവര്‍ത്തിക്കാതിരുന്നാല്‍ തിരിച്ചടവില്‍ ആനുപാതിക കുറവ് വരുത്തണമെന്ന വ്യവസ്ഥ കൂടി കരാറില്‍ ഉള്‍പ്പെടുത്തും.
മോട്ടോര്‍വാഹന വകുപ്പും കെല്‍ട്രോണും സംയുക്തമായി സമഗ്രകരാറിന്റെ കരട് തയാറാക്കണമെന്ന ആദ്യ നിര്‍ദേശത്തില്‍ മാറ്റം വരുത്തി കെല്‍ട്രോണിനോട് മാത്രമായി കരാര്‍ തയാറാക്കാനാണ് പുതിയ നിര്‍ദേശം. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ആവശ്യമായ മാറ്റം വരുത്തി അന്തിമമാക്കാന്‍ ഗതാഗത വകുപ്പിന് കൈമാറും.
ക്യാമറകളിലൂടെ പിഴ ഈടാക്കി തുടങ്ങിയെങ്കിലും അതിന്റെ വിഹിതം കെല്‍ട്രോണിന് നല്‍കി തുടങ്ങിയിട്ടില്ല. അതിനാല്‍ എത്രയും വേഗം സമഗ്രകരാര്‍ നടപ്പാക്കി അടുത്ത മാസം മുതല്‍ തിരിച്ചടവ് നേടിയെടുക്കാനാണ് കെല്‍ട്രോണ്‍ ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.