അനില്‍ നെടുമങ്ങാട് : മലയാള സിനിമയുടെ തീരാനഷ്ടം; സംസ്കാരം ഇന്ന്

അനില്‍ നെടുമങ്ങാട് : മലയാള സിനിമയുടെ തീരാനഷ്ടം; സംസ്കാരം ഇന്ന്

തിരുവനന്തപുരം: സിനിമാ ലോകത്ത് ഒരായിരം വേഷപ്പകര്‍ച്ചകള്‍ ബാക്കിയാക്കി അനില്‍ നെടുമങ്ങാട് യാത്രയായി. ചെയ്ത വേഷങ്ങളിലത്രയും വ്യക്തിമുദ്ര പതിപ്പിച്ച നടന വിസ്മയമാണ് വിടപറഞ്ഞത്. 2020 ന്റെ തീരാനഷ്ടങ്ങളില്‍ അനിലിന്റെ പേര് കൂടി എഴുതി ചേര്‍ക്കുക മലയാള സിനിമയ്ക്ക് അത്ര എളുപ്പമാവില്ല. ടെലിവിഷന്‍ അവതാരകനായി സിനിമാ രംഗത്തെത്തിയ അനില്‍ ഇരുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു അനില്‍.

സച്ചിയെന്ന സംവിധായകന്റെ പിറന്നാള്‍ ദിനത്തെ ഓര്‍ത്ത്, ''ഞാനും മരിക്കുംവരെ ഈ ചിത്രം കവര്‍ഫോട്ടോയായി ഇങ്ങനെ''.. എന്ന് ഫേസ്ബുക്കില്‍ മരണത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് അനില്‍ നെടുമങ്ങാട് എഴുതിയപ്പോള്‍ അത് സത്യമാകുമെന്ന് ആരും കരുതിയില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടില്‍ അനില്‍ മുങ്ങിപ്പോയത്. കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായ പാലാ സ്വദേശികളായ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് ഓടിയെത്തി എട്ട് മിനിറ്റുകൊണ്ട് അനിലിനെ കരയ്ക്ക് എത്തിച്ചു. ഉടനടി അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൊടുപുഴയില്‍ ജോജു ജോര്‍ജ് നായകനായ 'പീസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു അനില്‍. ചിത്രത്തില്‍ ഒരു മുഴുനീള പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിലിന്. തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റ്‍മോര്‍ട്ടം നടക്കും. കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‍മോര്‍ട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും. 

കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ പ്രതിനായകനായ സുരേന്ദ്രന്‍ ആശാന്‍, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ചിത്രത്തിലെ രാജന്‍, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് അങ്ങനെ എല്ലാ വേഷങ്ങളിലും അനില്‍ എന്ന മികച്ച നടന്റെ കയ്യൊപ്പുണ്ടായിരുന്നു. തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചതെങ്കിലും 2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ് അഭിനേതാവെന്ന നിലയില്‍ പ്രധാന വേഷം ലഭിച്ചത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, അയ്യപ്പനും കോശിയും, തെളിവ്, പൊറിഞ്ചു മറിയം ജോസ്, നീര്‍മാതളം പൂത്ത കാലം ഒരു നക്ഷത്രമുള്ള ആകാശം, ജനാധിപന്‍, നോണ്‍സെന്‍സ്, ആഭാസം, പരോള്‍, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, കല്ല്യാണം, ആമി, അയാള്‍ ശശി, സമര്‍പ്പണം, മണ്ട്രോത്തുരുത്ത്, കിസ്മത്ത്, കമ്മട്ടിപ്പാടം, പാവാട, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. മുപ്പതോളം സിനിമകളിൽ വേഷമിട്ടുള്ളൂവെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ വ്യത്യസ്തത കൊണ്ടും വ്യക്തിത്വം കൊണ്ടും ആസ്വാദകപ്രശംസ നേടി. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് അനിലിന്റെ വിയോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.