ഓക് ലാന്‍ഡ്: വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ആതിഥേയരായ ന്യൂസീലന്‍ഡിനും ഓസ്ട്രേലിയക്കും ജയത്തോടെ തുടക്കം. ന്യൂസീലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് മുന്‍ ചാമ്പ്യന്‍മാരായ നോര്‍വെയെ അട്ടിമറിച്ചപ്പോള്‍ ഓസ്ട്രേലിയ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് മറികടന്ന് ആദ്യ ജയം സ്വന്തമാക്കി.
ലോകകപ്പ് ചരിത്രത്തിലെ തന്നെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയാണ് ന്യൂസീലന്‍ഡ് വനിതകള്‍ ഇത്തവണത്തെ ടൂര്‍ണമെന്റിന് തുടക്കമിട്ടത്. 48-ാം മിനിറ്റില്‍ ഹന്ന വില്‍ക്കിന്‍സണാണ് ന്യൂസീലന്‍ഡിന്റെ വിജയ ഗോള്‍ നേടിയത്. ജാക്വി ഹാന്‍ഡ് നല്‍കിയ ക്രോസ് ഹന്ന കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
81-ാം മിനിറ്റില്‍ തുവ ഹാന്‍സെന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് നോര്‍വെയ്ക്ക് തിരിച്ചടിയായി. പിന്നാലെ 90-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്താന്‍ ന്യൂസീലന്‍ഡിന് സുവര്‍ണാവസരം ലഭിച്ചതായിരുന്നു. എന്നാല്‍ റിയ പെര്‍സിവാളിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി.
രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയന്‍ വനിതകള്‍ ലോകകപ്പിന് തുടക്കമിട്ടത്. പരിക്ക് കാരണം സാം കെര്‍ ഇല്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്റ്റെഫാനി കാറ്റ്ലിയാണ് ഓസ്ട്രേലിയക്ക് ജയം സമ്മാനിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടിന് നൈജീരിയ കാനഡയേയും 10.30ന് ഫിലിപ്പിന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡിനേയും നേരിടും. ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ഫൈനല്‍ ഓഗസ്റ്റ് 20 ന് സിഡ്‌നിയിലെ ഒളിമ്പിക് പാര്‍ക്കില്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.