ഹൃദയഭേദകം: ഭാരതാംബ പൊറുക്കുമോ ഈ ഹീനത:

ഹൃദയഭേദകം: ഭാരതാംബ പൊറുക്കുമോ ഈ ഹീനത:

വർഗ്ഗീയ സംഘർഷങ്ങൾ കൊടുംമ്പിരി കൊണ്ടിരിക്കുന്ന മണിപ്പൂരിൽ മെയ് നാലിനു അരങ്ങേറിയ സംഭവം ഹൃദയം തകർക്കുന്നതാണ്. രണ്ടു സ്ത്രീകളെ വിവസ്ത്രരാക്കി ആൾക്കൂട്ടം റോഡിലൂടെ നടത്തിച്ചു കൊണ്ടുപോയ സംഭവം നടന്നിട്ടിന്നു 78 ദിനങ്ങൾ പിന്നിടുന്നു. മനുഷ്യരെന്നു വിളിക്കാൻ യോഗ്യതയില്ലാത്ത ചില കോമരങ്ങൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ  ഇത്രയും അരങ്ങേറിയിട്ടും, ദിനരാത്രങ്ങൾ പിന്നിട്ടിട്ടും നമ്മുടെ ഭരണസംവിധാനങ്ങൾക്ക് ഒന്നും ചെയ്യുവാനാകാതെ നോക്കുകുത്തിയാകേണ്ടിവന്നു. ഹൃദയഭേദകവും കരളലിയിക്കുന്നതുമായ വേദനനിറഞ്ഞ കാഴ്ച. ഇതു കണ്ടതും വീഡിയോയിൽ പകർത്തിയതുമായ മനുഷ്യർ ഇത്രയും സമയങ്ങൾ കഴിഞ്ഞിട്ടും നിസ്സഹായരായി ഈ ക്രൂരതക്കു വഴങ്ങേണ്ടിവന്ന നമ്മുടെ സഹോദരിമാർക്കുവേണ്ടി ഒരു വിരലുപോലും ചലിപ്പിക്കാനാകാതെ നിന്നതു തീർത്തും ലജ്ജാകരമാണ്. എത്ര അപമാനകരമായ സംഭവം. രാജ്യത്തിന്റെ നിയമങ്ങളേയും നിയമസംവിധാനങ്ങളേയും നോക്കുകുത്തിയാക്കി നിയമം കയ്യാളി നാടിനെ ദ്രോഹിക്കുന്ന നരാധമൻമാരെ നിലക്കു നിർത്തുവാൻ ഇന്നിന്റെ നിയമസംവിധാനങ്ങൾക്കു സാധിക്കാത്തതു ഭാരതാംബയെ കരയിക്കുന്നുണ്ടാകും. ഇതു നമ്മുടെ രാജ്യത്തിന്റെ പരാജയമാണ്. നമ്മുടെ നാടിന്റെ നെഞ്ചിലേറ്റ വലിയ മുറിവാണിത്. ക്രൂരതകളുടെ കൊടുംകാറ്റ് ആഞ്ഞുവീശിയപ്പോൾ പിടിച്ചു നിൽക്കാനാവാതെ നാം കീഴടങ്ങേണ്ടി വരുന്നതു ദുഃഖകരമാണ്. മനുഷ്യരൂപം പൂണ്ട പിശാചുകൾ ആർത്തിരമ്പിയാടിയപ്പോൾ കൂട്ടുനിന്നവരും ശബ്ദിക്കാഞ്ഞവരും എല്ലാം ഒരേപോലെ ഈ പാതകത്തിനു ഉത്തരവാദികളാണ്.


നാടിനേയും ജനത്തേയും നടുക്കിയ ഈ കൊടുംക്രൂരതയുടെ ആഴം കുറക്കാൻ ഇനിയെങ്കിലും നാം ഉണരണം. നീതി നടപ്പാക്കപ്പെടണം. വൈകി എത്തുന്ന നീതിയും നീതിനിഷേധം തന്നെയാണ്. കരയുന്നവന്റെ കണ്ണീരു കാണാൻ കഴിയാത്ത നിയമങ്ങൾ ഇന്നിന്റെ ബാധ്യതയും കാലഹരണപ്പെട്ടവയുമാണ്. അരങ്ങേറുന്ന പൈശാചികയുടെ വ്യാപ്തി മനസ്സിലാക്കി ചടുലതയിൽ നിയമസംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കുറ്റവാളികളുടെ കൂത്തരങ്ങായി നമ്മുടെ നാട് അധപതിക്കാം. സാധാരണക്കാരനു നീതി കിട്ടാക്കനിയുമാകാം. ഇനിയും വൈകിക്കൂടാ. നാം മാറിയേ മതിയാകൂ. അശരണർക്കു ആശ്വാസമാകുവാൻ ഇന്നിന്റെ നിയമങ്ങൾക്കാകുന്നില്ലെങ്കിൽ കടലാസ്സുകളിൽ എഴുതപ്പെട്ട കുറിപ്പുകൾ മാത്രമായി നിയമങ്ങൾ മാറും. ഇന്നു നാം ചിന്തിക്കണം. ഇന്നു നാം മാറണം. നിയമസംവിധാനങ്ങളേയും സംഹിതകളേയും കാറ്റിൽപ്പറത്തുന്ന നരാധമൻമാരെ നിലക്കുനിർത്തുവാനും തക്കശിക്ഷ ഒട്ടും വൈകാതെ നടപ്പാക്കുവാനും പര്യാപ്തമായ രീതിയിൽ ബലവുള്ളതായിരിക്കണം നമ്മുടെ നിയമസംവിധാനങ്ങൾ. ഇനിയെങ്കിലും നിയമത്തിലെ പഴുതുകളടച്ചു കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി കാലഹരണപ്പെട്ടവയെ ഒഴിവാക്കി മെച്ചപ്പെടുത്തുവാൻ ഉത്തരവാദിത്വപ്പെട്ടവർ മുൻകൈയ്യെടുക്കണം. അല്ലാത്തപക്ഷം നാടു നരകമായി മാറാം. ഈ ഹീനകൃത്യം നടക്കുമ്പോൾ ആ സഹോദരിമാർ അനുഭവിച്ച മാനസികവ്യഥ വാക്കുകൾക്കതീതമാണ്‌. മനുഷ്യരൂപം പൂണ്ട ചെകുത്താൻമാരെ നശിപ്പിക്കാനാകും വിധം സുശക്തമായിരിക്കണം നമ്മുടെ നിയമങ്ങൾ.


ഭാരതാംബ ഇന്നു നീറുകയാണ്. കരയുകയാണ്. പൊറുക്കാനാവാത്ത അപരാധങ്ങൾ അവളുടെ കരളിൽ കദനത്തിന്റെ കല്ലുകൾ നിറച്ചു. ഈ കറകൾ നമുക്കു മായിച്ചേ മതിയാകു. ഇത്തരം ഹീനകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും നമുക്കു ശ്രദ്ധയുള്ളവരാകാം. ഇതു സാധ്യമാക്കാൻ നാം ഉറക്കത്തിൽ നിന്നും നിശബ്ദതയിൽ നിന്നും ഉണർന്നേ തീരൂ. നമ്മുടെ നിയമങ്ങൾ കാലത്തിനനുയോജ്യമാം വിധം ഉടച്ചുവാർക്കപ്പെടണം. ഭാരതാംബയുടെ നെഞ്ചിലേറ്റ മുറിവുകളുടെ ആഴം കുറക്കാൻ നമുക്കെല്ലാം പരിശ്രമിക്കാം. ഹൃദയം തകർക്കുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്തിനു നാണക്കേടാണ്. രാജ്യമിന്നു ആരോ ചെയ്ത പാപഭാരത്താൽ തലകുനിച്ചു നിൽക്കുകയാണ്. മറ്റു രാജ്യങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ ഇടയാക്കുന്ന തരത്തിൽ കരുത്തുള്ളതാകട്ടെ നമ്മുടെ നിയമങ്ങൾ. ആ കുടുംബത്തിനു നീതി ശരവേഗം നടപ്പാക്കപ്പെടണം. എങ്കിൽ മാത്രമേ ഭാരതാംബക്കേറ്റ മുറിവുണങ്ങു. പ്രിയ സഹോദരിമാരേ നിങ്ങളുടെ ദുഃഖം ഞങ്ങളുടേതുമാണ്. ഞങ്ങൾ ഓരോരുത്തരുമാണിതിനു ഉത്തരവാദികൾ. ഞങ്ങൾക്കു മാപ്പു തരൂ.


മനുഷ്യപ്പിശാചുകൾ മതിമറന്നാടുമ്പോൾ നിയമം കാറ്റിൽപ്പറത്തുമ്പോൾ

നീതിയോ മാഞ്ഞകലുമ്പോൾ

ഭാരതാംബതൻ നെഞ്ചിലെ തീക്കനലാരണക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.