ഭാരം 227 കിലോഗ്രാം; രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കി ഓസ്ട്രേലിയന്‍ സൈന്യം

ഭാരം 227 കിലോഗ്രാം; രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കി ഓസ്ട്രേലിയന്‍ സൈന്യം

കാന്‍ബറ: രണ്ടാം ലോകമഹായുദ്ധ കാലത്തെ അപകടകാരിയായ ബോംബ് കുഴിച്ചെടുത്ത് നിര്‍വീര്യമാക്കി ഓസ്ട്രേലിയന്‍ സൈന്യം. പസഫിക്കിലെ ചെറിയ ദ്വീപായ നൗറുവിലാണ് സംഭവം. ഓസ്ട്രേലിയന്‍ സൈന്യത്തിലെ വിദഗ്ദ്ധരാണ് എകദേശം 227 കിലോഗ്രാം (500 പൗണ്ട്) ഭാരം വരുന്ന ബോംബ് നിര്‍വീര്യമാക്കിയത്. രണ്ടാഴ്ച മുമ്പ് നിര്‍മ്മാണ തൊഴിലാളികളാണ് ജോലിക്കിടെ അത്യന്തം അപകടകാരിയായ, പൊട്ടാത്ത ബോംബ് കണ്ടത്തിയത്.

സംഭവത്തെ തുടര്‍ന്ന് നൗറു സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രണ്ട് കിലോമീറ്റേറോളം വരുന്ന പ്രദേശത്തെ വീടുകള്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. സ്‌കൂളുകള്‍ അടച്ചിടുകയും നൗറുവിലെ പന്ത്രണ്ടായിരത്തോളം വരുന്ന ആളുകളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആഘാതം കുറയ്ക്കാനായി വീടിന്റെ ജനാലകള്‍ കട്ടിയേറിയ പുതപ്പ് കൊണ്ട് മൂടാനും നിര്‍ദേശിച്ചിരുന്നു. ആക്ടിംഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഹണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങള്‍.



ഓസ്ട്രേലിയയില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘം ആഴത്തില്‍ കിടങ്ങ് നിര്‍മ്മിക്കുകയും കണ്ടെയ്നറുകളില്‍ മണല്‍ നിരച്ച് സ്ഫോടനത്തെ ലഘുകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ ബോംബ് അങ്ങേയറ്റം അപകടകരമാണെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഓപ്പറേഷന് മുമ്പ് ഓസ്ട്രേലിയന്‍ ലെഫ്റ്റണന്റ് ജോര്‍ദന്‍ ബെല്‍ പറഞ്ഞിരുന്നു. ബോംബ് നിര്‍വീര്യമാക്കി സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയതായി സൈന്യം പിന്നീട് പറഞ്ഞു.

സിഡ്നിയുടെ നാലായിരം കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നൗറ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്. 1942നും 1945 നും ഇടയില്‍ ജപ്പാന്‍ ഈ പ്രദേശം കൈവശപ്പെടുത്തിയിരുന്നു.

21 ചതുരശ്ര കിലോമീറ്റര്‍ (8 ചതുരശ്ര മൈല്‍) വിസ്തീര്‍ണ്ണവും അഞ്ചു കിലോമീറ്റര്‍ വ്യാസവുമുള്ള രാജ്യമാണ് നൗറു. 12000 അടുത്താണ് ഇവിടുത്തെ ജനസംഖ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.