തിരുവനന്തപുരം: ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവില്‍ മണിപ്പൂരില്‍ നടക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോത്ര വിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങള്‍ സംഘടിതമായി ആക്രമിച്ചു തകര്‍ക്കപ്പെടുന്ന നിലയാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മണിപ്പൂരില്‍ നിന്ന് അനുദിനം സ്തോഭജനകമായ വാര്‍ത്തകളാണ് വരുന്നത്. രണ്ട് മാസത്തിലധികമായി തുടരുന്ന വംശീയ കലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനസാക്ഷിയെ മുറിവേല്‍പ്പിച്ചുകൊണ്ട് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്.
അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകള്‍ ആള്‍ക്കൂട്ട കലാപകാരികളാല്‍ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മണിപ്പൂരിലെ പര്‍വത-താഴ്‌വര നിവാസികള്‍ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങള്‍ക്കുമേല്‍ എരിതീയില്‍ എണ്ണയൊഴിച്ച് അതിനെ വര്‍ഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവില്‍ നടക്കുന്നതെന്ന് വ്യക്തമാണ്.
സമാധാനം പുനസ്ഥാപിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. മണിപ്പൂര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാര്‍ അജണ്ടയും ശക്തമായി വിമര്‍ശിക്കപ്പെടുകയാണ്. വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.