'നല്ല സമരിയാക്കാരന്റെ' ഇടപെടല്‍; അമേരിക്കയില്‍ ലൈംഗികവൃത്തിക്കായി തട്ടിക്കൊണ്ടുപോയ 13 വയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

'നല്ല സമരിയാക്കാരന്റെ' ഇടപെടല്‍; അമേരിക്കയില്‍ ലൈംഗികവൃത്തിക്കായി തട്ടിക്കൊണ്ടുപോയ 13 വയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തട്ടിക്കൊണ്ടു പോകലിന് ഇരയായ പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ച് കാറിനുള്ളില്‍നിന്ന് ഉയര്‍ത്തിക്കാട്ടിയ കടലാസ്.

ടെക്‌സാസ്: അമേരിക്കയിലെ ടെക്സാസില്‍ ലൈംഗിക വ്യാപാരത്തിനായി തട്ടിക്കൊണ്ടുപോയ 13 വയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സംഭവത്തില്‍ 61 വയസുകാരന്‍ പോലീസ് പിടിയിലായി. കാറില്‍ കടത്തിക്കൊണ്ടു പോകുന്നതിനിടെ 'നല്ല സമരിയക്കാരനായി' എത്തിയ പ്രദേശവാസികളുടെ ഇടപെടലിലാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

സാന്‍ അന്റോണിയോയില്‍ തെരുവിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 61 വയസുകാരനായ സ്റ്റീവന്‍ സബ്‌ലാന്‍ കാറില്‍ ബലമായി കൂട്ടിക്കൊണ്ടു പോയത്. യാത്രയ്ക്കിടെ, ഓസ്ട്രേലിയയിലുള്ള ഒരു സുഹൃത്തിനെ കാണാന്‍ പോകാമെന്ന പ്രതീക്ഷയില്‍ താന്‍ വീടു വിട്ടിറങ്ങിയതാണെന്ന് 13 വയസുകാരി പ്രതിയോടു പറയുന്നു. പെണ്‍കുട്ടിയെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയയിലേക്ക് ഒരു കപ്പലില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ സബ്ലാന്‍ കാര്‍ പല സംസ്ഥാനങ്ങളിലൂടെയും ഓടിച്ചു. ഇതിനിടയില്‍ പെണ്‍കുട്ടി ആവര്‍ത്തിച്ച് ലൈംഗിക പീഡനത്തിനിരയായതായി പോലീസ് പറഞ്ഞു.

മൂന്ന് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. കാലിഫോര്‍ണിയയിലേക്കു കൊണ്ടുപോകുന്നതിനിടെ കാര്‍ നിര്‍ത്തി പ്രതി വസ്ത്രങ്ങള്‍ കഴുകാനായി ഒരു അലക്കുശാലയിലേക്കു പോയി. ഈ തക്കത്തിന് പെണ്‍കുട്ടി ഒരു കടലാസ് കഷ്ണത്തില്‍ 'തന്നെ സഹായിക്കൂ' എന്ന അര്‍ത്ഥത്തില്‍ 'ഹെല്‍പ് മീ' എന്നെഴുതി കാറിനുള്ളില്‍നിന്ന് ഉയര്‍ത്തിക്കാട്ടി. കാറിന്റെ ഡോറിലൂടെ ഇതു കണ്ട പ്രദേശവാസികളാണ് ഭയന്നിരുന്ന പെണ്‍കുട്ടിയുടെ രക്ഷയ്ക്കു വഴിയൊരുക്കിയത്. അവരില്‍ ഒരാള്‍ 911 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കുകയും തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയെ കാറില്‍നിന്നു രക്ഷിക്കുകയുമായിരുന്നു. ടെക്‌സസിലെ ക്ലെബേണ്‍ സ്വദേശിയായ സ്റ്റീവന്‍ സബ്‌ലാനെ പോലീസ് അറസ്റ്റ് ചെയ്തു.

കാലിഫോര്‍ണിയയിലെ യു.എസ്. അറ്റോര്‍ണി ഓഫീസ് വയലന്‍സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം വിഭാഗത്തിന്റെ ഡെപ്യൂട്ടി ചീഫ് ചെല്‍സി നോറെലാണ് പ്രദേശവാസിയെ 'നല്ല സമരിയാക്കാരന്‍' എന്നു വിശേഷിപ്പിച്ചത്. നല്ല സമരിയാക്കാരന്റെ ഇടപെടലില്ലാതെ പെണ്‍കുട്ടിയെ വീണ്ടെടുക്കാനാവില്ലായിരുന്നുവെന്ന് ചെല്‍സി പറഞ്ഞു.

തന്നെ സഹായിക്കണം എന്നു വ്യക്തമാക്കുന്നതായിരുന്നു പെണ്‍കുട്ടിയുടെ ദയനീയമായ മുഖ ഭാവമെന്ന് സംഭവ സമയം അലക്കുശാലയിലെത്തിയ ഫ്രാന്‍സില്ല ഐസക് പറഞ്ഞു.

ലോസ് ഏഞ്ചല്‍സ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസിന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി ഇപ്പോള്‍. കേസിന്റെ അന്വേഷണം എഫ്ബിഐ ഏറ്റെടുത്തു.

ലൈംഗിക വ്യാപാരത്തിനായി ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് പ്രതിക്കെതിരേ ഫെഡറല്‍ കോടതി കുറ്റം ചുമത്തിയതായി ലോസ് ഏഞ്ചല്‍സിലെ യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.