കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടെ പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ഇടത്, വലത് മുന്നണികള്‍. പതിവ് പോലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാകും മത്സരം. 53 വര്‍ഷമായി പുതുപ്പള്ളിക്കാരുടെ ഏക ചോയിസായ ഉമ്മന്‍ചാണ്ടിയുടെ അഭാവം വോട്ടര്‍മാരെ എങ്ങനെ ചിന്തിപ്പിക്കുമെന്ന് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്ടറിയാം.
സിപിഎമ്മില്‍ നിന്ന് ജെയ്ക് സി. തോമസിന് തന്നെയാകും സാധ്യത. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചത് ജെയ്ക്കായിരുന്നു. 2016 ലെ കന്നി അങ്കത്തില്‍ 27092 ആയിരുന്നു ഉമ്മന്‍ചാണ്ടിയും ജെയ്ക്കും തമ്മിലുണ്ടായിരുന്ന വോട്ട് വ്യത്യാസമെങ്കില്‍ 2021 ആയപ്പോഴേക്കും അത് 9044 ആക്കി കുറയ്ക്കാന്‍ ജെയ്ക്കിനായി. അതിന്റെ ആത്മവിശ്വാസത്തിലാകും ജെയ്ക്ക് വീണ്ടുമൊരു പോരാട്ടത്തിനിറങ്ങുക. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളേ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയെന്ന അതികായന്‍ അപ്പുറത്തില്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ ജീവിച്ചിരുന്നതിനേക്കാള്‍ ശക്തമായി തന്നെ ജെയ്ക്കിന് വെല്ലുവിളിയുയര്‍ത്തി ഉണ്ടാകും.
അതേസമയം കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ആരെത്തും എന്ന ചര്‍ച്ചകള്‍ക്കാകും വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം കാതോര്‍ക്കുക. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് സാധ്യത കല്‍പ്പിക്കുന്നതെങ്കിലും മകള്‍ അച്ചു ഉമ്മനും നേതൃത്വത്തിന് മുന്നില്‍ സാധ്യതയായുണ്ട്. പാര്‍ട്ടി എന്ത് പദവി നല്‍കിയാലും സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ രോഗാവസ്ഥയില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ചുക്കന്‍ പിടിച്ചതിന്റെ അനുഭവ പരിചയം അച്ചു ഉമ്മന്റെയും സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ അതിശക്തമായി അലിഞ്ഞു ചേര്‍ന്ന് കിടക്കുന്ന പുതുപ്പള്ളിയുടെ ജനമനസുകള്‍ പുറത്ത് നിന്ന് ഒരാളെ സ്വീകരിക്കാന്‍ മനസുകാട്ടിയേക്കില്ലെന്ന് നേതൃത്വത്തിനുമറിയാം.
ഉപതിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകളിലേക്ക് പാര്‍ട്ടി ഉടന്‍ കടക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കെപിസിസിയുടെ ഔദ്യോഗിക അനുശോചനം തിങ്കളാഴ്ച നടക്കും. ഇതിനുശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ പതിന്മടങ്ങ് കരുത്തനാണ് വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പാര്‍ട്ടിക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ സിപിഎം തയാറെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും വ്യക്തമാക്കി. പുതുപ്പള്ളി അടക്കം എവിടെയും തിരഞ്ഞെടുപ്പിന് സജ്ജമാണ്. തിരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തിലാണ് ചെയ്യുകയെന്നും ഇപി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.