വത്തിക്കാന്‍ സിറ്റി: ജീവിതത്തിന്റെ അനുപമമായ സൗന്ദര്യം തിരിച്ചറിയാനും സഭാ ജീവിതത്തിന്റെ കെട്ടുറപ്പ് ശക്തിപ്പെടുത്താനും തലമുറകള്‍ തമ്മിലുള്ള ആശയവിനിമയം അനിവാര്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച്ച മുത്തശ്ശി-മുത്തശ്ശന്‍മാരുടെയും പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ സന്ദേശം നല്‍കുകയായിരുന്നു മാര്‍പ്പാപ്പ. അപ്പസ്തോലിക മന്ദിരത്തിന്റെ ജനാലയില്‍ തന്റെ ഇരുവശത്തുമായി ഒരു യുവാവിനും മുത്തശ്ശിക്കുമൊപ്പമാണ് പാപ്പ സന്നിഹിതനായത്. യുവാക്കളും പ്രായമായവരും പരസ്പരം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി ചൂണ്ടിക്കാണിച്ചാണ് പാപ്പ ഇരുവരെയും ഒപ്പം നിര്‍ത്തിയത്.
'അവിടത്തെ കാരുണ്യം തലമുറകള്‍ തോറും' എന്ന ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ അമ്പതാമത്തെ വാക്യമായിരുന്നു മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടി ആചരിക്കപ്പെടുന്ന മൂന്നാം ലോക ദിനാചരണത്തിന്റെ പ്രമേയം.
ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ കര്‍ദിനാള്‍മാര്‍, മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ഇറ്റലിയില്‍ നിന്നുള്ള 8,000-ത്തോളം വയോജനങ്ങളുടെ അനുഗ്രഹീത സാന്നിധ്യത്തിലായിരുന്നു ശുശ്രൂഷകള്‍. അവരുടെ കൊച്ചുമക്കളും ചടങ്ങില്‍ പങ്കെടുത്തു.
ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഫലവത്തായ ഒരു ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം.
'വാര്‍ദ്ധക്യം ഒരു അനുഗൃഹീത സമയമാണ്, ഇത് അനുരഞ്ജനത്തിനുള്ള സമയമാണ്, ഇരുട്ടിലും തിളങ്ങുന്ന വെളിച്ചത്തിലേക്ക് ആര്‍ദ്രമായി നോക്കേണ്ട സമയം, ദൈവം വിതച്ച നല്ല ഗോതമ്പ് നമ്മുടെ ഹൃദയത്തിലെ കളകളെ കീഴടക്കുമെന്ന പ്രത്യാശയില്‍ ആത്മവിശ്വാസത്തോടെ കഴിയേണ്ട സമയം' - പാപ്പ തുടര്‍ന്നു.
'നീണ്ട ജീവിതാനുഭവമുള്ളവരുടെ ഉപദേശങ്ങള്‍ വളര്‍ന്നു വരുന്ന തലമുറകളില്‍ പ്രത്യാശയുടെ മുളകളെ പോഷിപ്പിക്കും. ഈ ഫലവത്തായ ആശയവിനിമയത്തിലൂടെ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയാനും ഒരു സാഹോദര്യ സമൂഹം കെട്ടിപ്പടുക്കാനും അതുവഴി സഭയെ ശക്തിപ്പെടുത്താനും സാധിക്കും.

അപ്പസ്‌തോലിക മന്ദിരത്തിന്റെ ജനാലയില്‍ യുവാവിനും മുത്തശ്ശിക്കുമൊപ്പം എത്തിയ മാര്‍പ്പാപ്പ സന്ദേശം നല്‍കുന്നു
'ഒരുമിച്ചു വളരുക' എന്നതായിരുന്നു സന്ദേശത്തിന്റെ കാതല്‍. ദിവ്യബലിക്കിടെ വായിച്ച മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള മൂന്ന് ഉപമകളിലേക്ക് മാര്‍പ്പാപ്പ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ചു. യേശുവിന്റെ ഉപമകളിലെ ഭാഷ മുത്തശ്ശിമാര്‍ പേരക്കുട്ടികളോടു സംസാരിക്കുന്ന ഭാഷയോട് സാമ്യമുള്ളതാണെന്ന് പാപ്പ നിരീക്ഷിക്കുന്നു. കുഞ്ഞുങ്ങളെ മടിയില്‍ പിടിച്ചിരുത്തി അവരോടു സംസാരിക്കുമ്പോള്‍ ജീവിതത്തിന് അനിവാര്യമായ ഒരു ജ്ഞാനം കൈമാറ്റം ചെയ്യപ്പെടുന്നു.
വയലില്‍ കര്‍ഷകന്‍ വിത്തു വിതച്ചശേഷം, രാത്രി ശത്രു വന്ന് കളകള്‍ വിതയ്ക്കുന്ന ഉപമയുടെ വിശദീകരണമാണ് പാപ്പ നല്‍കിയത്. ഇവിടെ ഗോതമ്പും കളകളും ഒരേ വയലില്‍ പരസ്പരം ഒരുമിച്ച് വളരുകയാണ്. ഈ വ്യാഖ്യാനം കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ നമ്മെ സഹായിക്കുന്നു. മനുഷ്യചരിത്രത്തില്‍ നന്മയും തിന്മയും, സ്‌നേഹവും സ്വാര്‍ഥതയും ഒരുമിച്ചു നിലകൊള്ളുന്നുവെന്നും ചില സന്ദര്‍ഭങ്ങളിലെങ്കിലും അവ പരസ്പരം വേര്‍പിരിക്കാനാവാത്ത വിധത്തില്‍ ഇഴചേര്‍ന്നിരിക്കുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടുന്നു.
ദൈവത്തിന്റെ പ്രത്യാശയാല്‍ പ്രചോദിതനായ ഒരു ക്രിസ്ത്യാനി യാഥാര്‍ത്ഥ്യവാദിയാണ്, ലോകത്ത് ഗോതമ്പും കളകളുമുണ്ടെന്ന് അവന് അറിയാം. തിന്മ പുറത്തുനിന്ന് വരുന്നതല്ലെന്നും അത് എല്ലായ്പ്പോഴും നമ്മുടെ ഉള്ളില്‍ നിന്നാണ് വരുന്നതെന്നും മനസിലാക്കാന്‍ യാഥാര്‍ത്ഥ്യ ബോധം നമ്മെ സഹായിക്കും.
അതേസമയം, സ്വന്തം ശക്തിയാല്‍ തിന്മയെ പിഴുതെറിയാനും ശുദ്ധി സംരക്ഷിക്കാനും കഴിയുമെന്ന് ക്രിസ്ത്യാനികള്‍ കരുതുന്നു. ഇതൊരു പതിവ് പ്രലോഭനമാണ്. 'ശുദ്ധമായ ഒരു സമൂഹം' അല്ലെങ്കില്‍ 'ശുദ്ധമായ സഭ' സൃഷ്ടിക്കാനുള്ള പരിശ്രമത്തിനിടയില്‍ തെറ്റില്‍ വീണവരോട് അക്ഷമയും അചഞ്ചലതയും അക്രമാസക്തതയും കാണിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പാപ്പാ നല്‍കി.
തിന്മയ്ക്കെതിരായ ശരിയായ മനോഭാവം ക്ഷമയാണ്, അത് മറ്റുള്ളവരോട് ആദരവോടെ പെരുമാറാന്‍ നമ്മെ പ്രേരിപ്പിക്കുന്നു, 'തിന്മയ്ക്കെതിരായ അന്തിമ വിജയം അടിസ്ഥാനപരമായി ദൈവത്തിന്റെ പ്രവൃത്തിയാണ് എന്ന അവബോധം നമുക്കുണ്ടായിരിക്കണമെന്ന് പാപ്പ പറഞ്ഞു.
പ്രായാധിക്യത്തിലെത്തിയവരെ ഏകാന്തതയിലേക്ക് തള്ളിയിടരുതെന്നും ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. കുടുംബങ്ങളിലും സമൂഹങ്ങളിലും അവരുടെ സാന്നിധ്യം വിലപ്പെട്ടതാണ്. കാരണം നാം ഒരേ പൈതൃകത്തിന്റെ പങ്കുപറ്റുന്നവരാണെന്നും നമ്മുടെ വേരുകള്‍ കാത്തുപരിപാലിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ജനതയുടെ ഭാഗമാണെന്നും അവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു
ഉപസംഹാരമായി, യുവജനങ്ങളും പ്രായമായവരും തങ്ങളുടെ ദാനങ്ങള്‍ പങ്കിടണമെന്നും പരസ്പരം ശ്രദ്ധിക്കാനും പരസ്പരം പിന്തുണയ്ക്കാനും ശ്രദ്ധിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
യേശുവിന്റെ മുത്തശ്ശീമുത്തശ്ശന്മാരായ വിശുദ്ധരായ അന്നയുടെയും യൊവാക്കിമിന്റെയും തിരുനാളിനോടടുത്തു വരുന്നതും ജൂലൈ മാസത്തിലെ നാലാമത്തേതുമായ ഞായറാഴ്ചയാണ് മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും പ്രായംചെന്നവര്‍ക്കുമുള്ള ദിനം ആചരിക്കപ്പെടുന്നത്. 2021-ലാണ് ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാ സഭാതലത്തിലുള്ള ഈ ദിനാഘോഷം ഏര്‍പ്പെടുത്തിയത്.
വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍, പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഓഗസ്റ്റില്‍ നടക്കുന്ന ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്ക് മുത്തശ്ശിമാര്‍ യുവജന തീര്‍ത്ഥാടന കുരിശുകള്‍ കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.