'മണിപ്പൂര്‍ സംഭവങ്ങള്‍ ക്രൂരവും ഭയാനകവും': ആശങ്കയറിയിച്ച് അമേരിക്ക

'മണിപ്പൂര്‍ സംഭവങ്ങള്‍ ക്രൂരവും ഭയാനകവും': ആശങ്കയറിയിച്ച് അമേരിക്ക

വാഷിങ്ടണ്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തിയ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സംഭവം ക്രൂരവും ഭയാനകവുമാണെന്ന് യു.എസ് വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നതായും യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു. അതേസമയം, യു.എസിന്റെ പ്രസ്താവനയെ കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും യു.എസ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

നേരത്തെ, മണിപ്പൂരിലെ സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കാമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നിരുന്നു. യു.എസ് അബാസിഡര്‍ എറിക് ഗാര്‍സെറ്റി നടത്തിയ പരാമര്‍ശം കണ്ടിട്ടില്ലെന്നും എന്നാല്‍ വിദേശ നയതന്ത്രജ്ഞര്‍ പൊതുവെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രസ്താവനകള്‍ നടത്താറില്ലെന്നുമായിരുന്നു ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത്.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്‌പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളായിരുന്നു ഉണ്ടായത്.

കുക്കി സ്ത്രീകളുടെ വീഡിയോ പുറത്ത് വന്നതിന് ശേഷം മണിപ്പൂരില്‍ നിന്നും ഇത്തരത്തില്‍ ലൈംഗിക അതിക്രമങ്ങളുടെ മറ്റ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ, മണിപ്പൂര്‍ കലാപത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കിയിരുന്നു. സംഘര്‍ഷത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം, സംഘര്‍ഷത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം, സുരക്ഷാ സേനക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം, പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരില്‍ ഉണ്ടായ ആക്രമണങ്ങള്‍, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയെ യൂറോപ്യന്‍ യൂണിയന്‍ അപലപിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.