മാനന്തവാടി: മനുഷ്യ മനസ്സിനെ ഞെട്ടിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യൻ്റെ അന്തസ്സിനെ ചോദ്യം ചെയ്യുംവിധം അപമാനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകൾ.
ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ വളരെയധികം ലജ്ജയോടെ മണിപ്പൂരിനെക്കുറിച്ച്, ഇന്ത്യയെക്കുറിച്ച്, ചർച്ച ചെയ്തുകൊണ്ടിരിക്കുകാണ്.
രാജ്യത്തിന്റെ ഐക്യവും സംസ്കാരവും വാനോളം പുകഴ്ത്തി സഹവർത്തിത്വത്തിനും സാഹോദര്യത്തിനും ഏറെ പ്രാധാന്യം നൽകി, നാം ഒന്നാണ് എന്ന ആദർശം പേറി നടക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം പ്രവൃത്തികൾ നിർബാധം തുടരുന്നുവെന്നത് അചിന്തനീയമാണ്.
ഓരോ ഇന്ത്യൻ പൗരനും അവന്റെ അന്തസ്സിന് ഒരു കോട്ടവും തട്ടാതെ ആത്മാഭിമാനത്തോടെ ജീവിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശങ്ങളുടെ നിറം മങ്ങിപ്പോവുകയും അവ വാക്കിലും വർണ്ണനയിലും മാത്രം ഒതുങ്ങിത്തീരുകയും ചെയ്യുന്ന സാഹചര്യങ്ങൾക്ക് നാം ഇന്ന് സാക്ഷികളാകുന്നു.
ഭരണാധികാരികളുടെ നിശബ്ദതയും നിയമപാലകരുടെ നിസ്സംഗതയും അതിക്രമങ്ങൾക്ക് വളം വെച്ചു കൊടുക്കുമ്പോൾ ഇത്തരം പൈശാചിക പ്രവൃത്തികളുടെ തോത് സമൂഹത്തിൽ ഇനിയും വർദ്ധിക്കും എന്നതിൽ തർക്കമില്ല.
മണിപ്പൂർ കത്തിയമരുകയും സ്ത്രീകൾ പരസ്യമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ഈ മ്ലേച്ഛമായ പ്രവൃത്തി രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ് എന്ന് അധികാരികളെ ഓർമപ്പെടുത്തുവാൻ, നിയമപാലകരെ ബോധ്യപ്പെടുത്തുവാൻ, ഇത്തരം പ്രവൃത്തികൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നിലപാടുകൾ നാം സ്വീകരിക്കണം.
വിവസ്ത്രരാക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹോദരങ്ങൾ ആണെന്ന തിരിച്ചറിവുണ്ടാകണം. ഇന്ന് മണിപ്പൂരാണെങ്കിൽ നാളെ ഒരുപക്ഷേ കേരളത്തിലും ഇത് സംഭവിക്കും. അതിനാൽ നമുക്ക് ജാഗ്രത പാലിക്കാം. നമ്മുടെ സഹോദരർക്കുവേണ്ടിയുള്ള ഈ വലിയ പോരാട്ടത്തിൽ അണിചേരാമെന്ന് രൂപതാ സമിതി ആഹ്വാനം ചെയ്തു.
താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത്, ഫേസ്ബുക്ക് പ്രൊഫൈൽ വെക്കുകയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യുകയും ചെയ്യുമല്ലോ...
https://twb.nz/statusmarchformanipur
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26