ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ പ്രതികരിക്കണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ രണ്ടു മണി വരെ സഭ നിര്‍ത്തി വച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ മറുപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതിനുശേഷം ചര്‍ച്ച എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.
വര്‍ഷകാല സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നും ലോക്സഭ ആരംഭിച്ചപ്പോള്‍ തന്നെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം ആരംഭിച്ചു. സ്പീക്കര്‍ വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയില്ല. എന്നാല്‍, പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യസഭാ നടപടികള്‍ പുരോഗമിക്കുകയാണ്.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ആം ആദ്മി നേതാവ് സഞ്ജയ് സിങിന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭാംഗമായ ഇദേഹത്തിന് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍.
ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ക്ക് തുടക്കമായത്. സ്ത്രീകള്‍ക്ക് നേരേ ഉണ്ടായ ലൈംഗിക അതിക്രമമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്യിപ്പിച്ച ദൃശ്യങ്ങള്‍ ഈ മാസം 19 ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
കുക്കി - മെയ്‌തേയി വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കം ആഭ്യന്തര കലാപമായി മാറുമ്പോഴും കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം. വംശീയ കലാപത്തില്‍ 160 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.