ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയില്‍നിന്ന് സിറോ മലബാര്‍ യുവജനങ്ങള്‍ യാത്ര തിരിച്ചു

ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയില്‍നിന്ന് സിറോ മലബാര്‍ യുവജനങ്ങള്‍ യാത്ര തിരിച്ചു

മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ബിഷപ്പ് എമരിറ്റസ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയയിലെ സിറോ മലബാര്‍ യൂത്ത് മൂവ്മെന്റ് പ്രതിനിധികള്‍ യാത്ര തിരിച്ചപ്പോള്‍

ലിസ്ബണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്ന ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റില്‍നിന്നുള്ള പ്രതിനിധികള്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലേക്കു യാത്ര തിരിച്ചു. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ബിഷപ്പ് എമരിറ്റസ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിലാണ് 58 അംഗ സംഘം യാത്ര തിരിച്ചത്. വിവിധ ഗ്രൂപ്പുകളിലായി ഇന്നും ഇന്നലെയുമായാണ് സംഘം ഓസ്‌ട്രേലിയയിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് ലിസ്ബണിലേക്കു പോയത്.

ഫ്രാന്‍സിസ് പാപ്പയുടെ അനുഗ്രഹീത സാന്നിധ്യമുള്ള ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ അസുലഭാവസരം ലഭിച്ച യുവജനങ്ങളെ പ്രാര്‍ത്ഥനകളോടെയാണ് വിവിധ സിറോ മലബാര്‍ ഇടവകകള്‍ യാത്രയാക്കിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ആറു വരെയാണ് ലോക യുവജന സംഗമം. ഓഗസ്റ്റ് രണ്ടിനാണ് മാര്‍പ്പാപ്പ ലിസ്ബണില്‍ എത്തുന്നത്. പാപ്പയുടെ സാന്നിധ്യത്തില്‍ നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

യുവജന ദിനത്തിന് ലോകം മുഴുവനില്‍ നിന്ന് ഏകദേശം ആറു ലക്ഷം യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോര്‍ച്ചുഗീസിന്റെ തലസ്ഥാനത്തേക്കുള്ള യാത്രകള്‍ പലരും ആരംഭിച്ചു കഴിഞ്ഞു.

യുവജന പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് 1986ല്‍ ആഗോള യുവജന ദിനാഘോഷത്തിന് തുടക്കമിട്ടത്.

ലോക യുവജന ദിനത്തില്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ അഞ്ച് സംഘങ്ങളിലൊന്ന് അമേരിക്കയില്‍ നിന്നാണ്. 28,600-ലധികം യുവജനങ്ങളാണ് അമേരിക്കയില്‍നിന്ന് എത്തുന്നത്.

ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും അര്‍പ്പിക്കപ്പെടുന്ന, വിശ്വാസ പ്രബോധനങ്ങളും പ്രഭാഷണങ്ങളും സംഗീത സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറുന്ന ലോക യുവജന സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്, സംഗമവേദിയില്‍ ഒരുക്കുന്ന കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യങ്ങള്‍.


പെര്‍ത്തില്‍ നിന്നും ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന സിറോ മലബാര്‍ യുവജനങ്ങള്‍

ക്രൈസ്തവ കൂട്ടായ്മയ്ക്ക് ഉപരിയായി പങ്കുവയ്ക്കല്‍, അനുരഞ്ജനം, മതബോധനം, നവീകരണം, ദൈവവിളി, ക്രിസ്തുവിനോടും സഭയോടുമുള്ള സ്‌നേഹം, മാര്‍പാപ്പയോടുള്ള ആദരവ് എന്നിവ സമ്മേളനത്തില്‍ യുവജനങ്ങള്‍ക്കു ലഭിക്കുന്ന അപൂര്‍വ്വ മൂല്യങ്ങളാണ്.

മാര്‍പ്പാപ്പയുടെ ലിസ്ബണിലെ പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കാം:

ലോക യുവജന ദിനം 2023; ഫ്രാന്‍സിസ് പാപ്പയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശന പരിപാടികള്‍ ക്രമീകരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.