പുതു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച അബ്ദുൽ കലാം വിട പറഞ്ഞിട്ട് എട്ടു വർഷം

പുതു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച അബ്ദുൽ കലാം വിട പറഞ്ഞിട്ട് എട്ടു വർഷം

കൊച്ചി: പുതു തലമുറയെ വലിയ ലക്ഷ്യങ്ങളിലേക്കെത്താൻ അതിരുകളില്ലാതെ സ്വപ്‌നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. കർമനിരതനായ ധിഷണാശാലിയായിരിക്കുമ്പോഴും പുതിയ തലമുറയിലേക്ക് ലാളിത്യം, സത്യസന്ധത, ലക്ഷ്യബോധം തുടങ്ങിയ ഉന്നത മൂല്ല്യങ്ങളുടെ പാഠം അദ്ദേഹം പകർന്നു നൽകി.

രാഷ്ട്രപതി പദത്തെ ജനകീയമാക്കിയ അദ്ദേഹം കൊച്ചു കുട്ടികളുടെ ചോദ്യങ്ങൾക്കുപോലും അർഥപൂർണമായ മറുപടികൾ നൽകി. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ..അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്. രാമേശ്വരത്തെ ദരിദ്ര കുടുംബത്തിൽ ജനിച്ച ബാലൻ പൈലറ്റാകണമെന്ന് ആഗ്രഹിച്ചു. ആ വലിയ മോഹം ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ ബുദ്ധികേന്ദ്രമായി അദ്ദേഹത്തെ വളർത്തി. പത്രം വിറ്റു നടന്ന ബാല്യവും തിക്തമായ ജീവിതാനുഭവങ്ങളും മികച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രചോദനമായി മാറി.

വിശ്രമ ജീവിതത്തിലും കർമനിരതനായിരുന്നു അബ്ദുൾ കാലം. പുതിയ തലമുറക്കു പ്രചോദനം പകർന്നുകൊണ്ട് അദ്ദേഹം എവിടെയും സഞ്ചരിച്ചു. ജനിച്ച ചുറ്റുപാടുകളെ പരിമിതികളെ ഉജ്ജ്വലമായ സ്വപ്‌നങ്ങൾകൊണ്ടുമറികടക്കേണ്ടതിന്റെ പ്രാധാന്യമായിരുന്നു ആ വാക്കുകളുടെ കരുത്ത്.

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ആണവശേഷി ഉദ്‌ഘോഷിച്ച പൊഖ്‌റാൻ 2 ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ചു. ഐ.എസ്.ആർ.ഒ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമിച്ചു. ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയെ കരുത്തുറ്റതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ശാസ്ത്ര രംഗത്തെ മികവുകൾ പരിഗണിച്ച് രാജ്യം ഭാരതരത്ന നൽകി ആദരിച്ചു. ലക്ഷ്യബോധമുള്ള, കാമ്പുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ വ്യാപൃതനായിരുന്ന കലാം, ഐഐഎം ഷില്ലോങ്ങിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് അന്തരിച്ചത്. അതിരുകൾ ആകാശമാക്കുന്ന പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതം പാഠപുസ്തകമായി ഇപ്പോഴും നിലക്കൊള്ളുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.