കറുപ്പണിഞ്ഞ് പ്രതിപക്ഷം സഭയില്‍; 'ഇന്ത്യ'യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ മണിപ്പൂരിലേക്ക്

 കറുപ്പണിഞ്ഞ് പ്രതിപക്ഷം സഭയില്‍; 'ഇന്ത്യ'യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ മണിപ്പൂരിലേക്ക്

ന്യൂഡല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കും. 29, 30 തിയതികളില്‍ ഇരുപതിലേറെ അംഗങ്ങളുടെ സംഘം മണിപ്പൂരിലെത്തുമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്യം ടാഗോര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ സാഹചര്യം നേരിട്ടു മനസിലാക്കാനാണ് സംഘം ശ്രമിക്കുന്നതെന്ന് മാണിക്യം ടാഗോര്‍ പറഞ്ഞു. മണിപ്പൂരിലേക്ക് പോകാന്‍ കുറച്ചു നാളായി പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ കറുപ്പണിഞ്ഞാണ് ഇന്നു പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ എത്തിയത്. രാവിലെ സഭ ചേരുന്നതിനു മുമ്പായി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ചേംബറില്‍ പാര്‍ട്ടികള്‍ കൂടിയാലോചന നടത്തിയിരുന്നു. മണിപ്പൂര്‍ സംഭവങ്ങളില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തി വരികയാണ്.

സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് 26 പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ സംസ്ഥാനത്തേക്ക് അയയ്ക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടികളായിരിക്കും സംഘത്തെ നയിക്കുക.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തില്‍ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കുകയും സ്പീക്കര്‍ അനുമതി നല്‍കുകയുമുണ്ടായി. ചര്‍ച്ചയുടെ ദിവസം സ്പീക്കര്‍ പാര്‍ലമെന്റിനെ അറിയിക്കും.

മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചതോടെ മണിപ്പൂരിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കാന്‍ പ്രതിപക്ഷ സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി പറഞ്ഞിരുന്നു.

ടിഎംസി എംപിമാരുടെ അഞ്ചംഗ പ്രതിനിധി സംഘം ജൂലൈ 19 ന് സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇതിന് പുറമേ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും രണ്ട് ദിവസം മണിപ്പൂരിലെത്തി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദശിച്ചിരുന്നു. മണിപ്പൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാന്‍ ഇന്ത്യാ സഖ്യത്തിന് ആകുമെന്നും അവര്‍ക്ക് സ്നേഹവും സമാധാനവും തിരികെ നല്‍കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം തങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.