കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനയും നിയമാവലിയും കൃത്യമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഷാഫി പറമ്പില്‍ കോടതിയില്‍ സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് കോടതി ശനിയാഴ്ച പരിഗണിക്കും.
ഭരണഘടനാപരമായല്ല തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിണാശേരി സ്വദേശി ഷഹബാസ് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് മരവിപ്പിച്ചുകൊണ്ട് ഉത്തരവ് ഉണ്ടായത്.
2023 മെയ് 10 ന് ആരംഭിച്ച സംഘടന തിരഞ്ഞെടുപ്പ് ജൂലൈ 18 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. ജൂലൈ 30 ന് രാവിലെ 10 മണിക്ക് പുനരാരംഭിക്കാന്‍ ഇരിക്കെയാണ് കോടതി സ്റ്റേ ചെയ്തത്.
കേസില്‍ നാല്, ആറ് എതിര്‍കക്ഷികളായ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ജില്ലാ പ്രസിഡന്റ് ആര്‍. ഷഹീന്‍ എന്നിവരാണ് കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26