അബുദബിയിലെ ബ്യൂട്ടി പാർലറുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും പരിശോധന നടത്തി അധികൃതർ

അബുദബിയിലെ ബ്യൂട്ടി പാർലറുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും പരിശോധന നടത്തി അധികൃതർ

അബുദബി: എമിറേറ്റിലെ വിവിധ ബ്യൂട്ടി പാർലറുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി അധികൃത‍ർ പരിശോധന നടത്തി. ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന നടത്തിയത്. മുനിസിപ്പാലിറ്റിയുടെ മാർഗനിർദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമെ പ്രവർത്തിക്കാന്‍ പാടുളളൂവെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ റാഹ ബീച്ച്, ഷാഖ്ബൗട്ട് സിറ്റി, റബ്ദാന്‍ സിറ്റി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മദീനത്ത് സായിദ് മുനിസിപ്പാലിറ്റി സെന്‍ററിലെ ഇന്‍സ്പെക്ടർമാരാണ് പരിശോധന നടത്തിയത്. ഹെയർഡ്രെസിംഗ് സലൂണുകൾ, പാർലറുകൾ, ഫിറ്റ്‌നസ് സെന്‍ററുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ ശുചിത്വ മാനദണ്ഡങ്ങൾ, ആരോഗ്യ സമ്പ്രദായങ്ങൾ, പ്രോട്ടോക്കോളുകൾ എന്നിവ കർശനമായി പാലിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് പരിശോധനാ ഡ്രൈവ് ലക്ഷ്യമിട്ടത്.

അംഗീകൃത ഉപകരണങ്ങളുടെ ഉപയോഗം, സൗന്ദര്യവർദ്ധക വസ്തുക്കളുടെ കാലാവധി പരിശോധന തുടങ്ങിയവയും അധികൃതർ നടത്തി. സൗന്ദര്യവർദ്ധക വസ്തുക്കളും തയ്യാറാക്കൽ രീതികളും പരിശോധിച്ചു. സേവനങ്ങൾ നൽകുമ്പോൾ യൂണിഫോം ധരിക്കാൻ ജീവനക്കാരെ അധികൃതർ പ്രോത്സാഹിപ്പിച്ചു. കേന്ദ്രങ്ങളുടെ ശുചിത്വത്തിന് ഊന്നല്‍ നല്കിയാണ് ഡ്രൈവ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.