സിഡ്‌നി: വമ്പന്‍ ഹോളിവുഡ് സിനിമകളെ വെല്ലുവിളിച്ച് അമേരിക്കന്‍ തിയറ്ററുകളില്‍ നിറഞ്ഞോടിയ സൗണ്ട് ഓഫ് ഫ്രീഡം എന്ന ചിത്രം ഇനി ഓസ്‌ട്രേലിയയിലേക്ക്. ഓഗസ്റ്റില്‍ സിനിമ നിരവധി ഓസ്ട്രേലിയന്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന്, വിഖ്യാത സംവിധായകനായ മെല്‍ ഗിബ്സന്റെ സഹ ഉടമസ്ഥതയിലുള്ള ഡെന്‍ഡി സിനിമാസ് എന്ന ഓസ്ട്രേലിയന്‍ ചലച്ചിത്ര ശൃംഖല അറിയിച്ചു.
മനുഷ്യക്കടത്തിനെതിരേ സംസാരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന സിനിമയാണ് 'സൗണ്ട് ഓഫ് ഫ്രീഡം. കൊളംബിയയിലെ ലൈംഗിക കടത്തുകാരില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച അമേരിക്കയിലെ മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഏജന്റായ ടിം ബല്ലാര്‍ഡിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് സൗണ്ട് ഓഫ് ഫ്രീഡം. ഗിബ്സന്റെ ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ക്രിസ്തുവായി അഭിനയിച്ച ജിം കാവിസെല്‍ ആണ് ബല്ലാര്‍ഡിന്റെ വേഷം ചെയ്യുന്നത്.
സൗണ്ട് ഓഫ് ഫ്രീഡം ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഓഗസ്റ്റ് 24-ന് റിലീസ് ചെയ്യുമെന്ന് ഡെന്‍ഡി സിനിമാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പ്രേക്ഷകരുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്നാണ് ചിത്രം ഇരു രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതെന്ന് ഡെന്‍ഡി സിനിമാസ് അറിയിച്ചു.
15 മില്യണ്‍ ഡോളര്‍ നിര്‍മാണച്ചെലവു വന്ന ചിത്രം അമേരിക്കയിലെ തിയറ്ററുകളില്‍നിന്ന് നേടിയത് 100 മില്യണ്‍ ഡോളറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
ഏതൊക്കെ തീയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഡെന്‍ഡി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കമ്പനിക്ക് ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്ലന്‍ഡ്, ഓസ്‌ട്രേലയന്‍ കാപ്പിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ അഞ്ച് സിനിമാശാലകളുണ്ട്.
കത്തോലിക്കാ വിശ്വാസികളായ എഡ്വേര്‍ഡോ വെരാസ്റ്റെഗുയി, അലജാന്‍ഡ്രോ മോണ്ടെവെര്‍ഡെ എന്നിവരാണ് സൗണ്ട് ഓഫ് ഫ്രീഡത്തിന്റെ സംവിധായകര്‍. റിലീസ് ദിനത്തില്‍ ഡിസ്നിയുടെ 'ഇന്ത്യാന ജോണ്‍സ്' പരമ്പരയിലെ ഏറ്റവും പുതിയ സിനിമയായ 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ ഡയല്‍ ഓഫ് ഡെസ്റ്റിനി'യെ പിന്തള്ളി ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു.
കൂടുതല്‍ വായനയ്ക്ക്:
മനുഷ്യക്കടത്തിനെതിരേയുള്ള 'സൗണ്ട് ഓഫ് ഫ്രീഡം' അമേരിക്കന്‍ തീയറ്ററുകളില്‍ ജൈത്രയാത്ര തുടരുന്നു; ഡിസ്‌നിയുടെ 'ഇന്ത്യാന ജോണ്‍സിനെ'യും പിന്നിലാക്കി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.