അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രം വരുന്നത് കിന്‍ഫ്ര പാര്‍ക്കില്‍ മുന്നൂറോളം തൊഴിലവസരങ്ങള്‍ ലഭ്യമാകും
തിരുവനന്തപുരം: ലോകത്തിലെ മുന്‍നിര മോട്ടോര്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് സിമുലേഷന്‍ -വാലിഡേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആഗോള കമ്പനിയായ ഡിസ്‌പെയ്‌സ് തിരുവനന്തപുരത്ത് ഗവേഷണ വികസന കേന്ദ്രം തുറക്കുന്നു. മേനംകുളത്ത് കിന്‍ഫ്ര പാര്‍ക്കില്‍ മൂന്നു മാസത്തിനുള്ളില്‍ കമ്പനി പ്രവര്‍ത്തനമാരംഭിക്കും.
കണക്ടഡ്, ഓട്ടോണമസ്, ഇലക്ട്രിക്കല്‍ പവര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങളും സിമുലേഷനും വാലിഡേഷനും ഉള്‍പ്പെടെയുള്ള നിര്‍ണായക സേവനങ്ങളും ഡിസ്‌പെയ്‌സ് ലഭ്യമാക്കും. ജാഗ്വാര്‍, ബിഎംഡബ്ല്യു, ഓഡി, വോള്‍വോ, എവിഎല്‍, ബോഷ്, ടാറ്റ മോട്ടോഴ്‌സ്, ഇസഡ്എഫ്, ടൊയോട്ട, ഹോണ്ട, ഫോര്‍ഡ്, ഹ്യൂണ്ടായ് തുടങ്ങി ലോകത്തെ എല്ലാ പ്രധാന ഓട്ടോമൊബൈല്‍ കമ്പനികളും ഡിസ്‌പെയ്‌സിന്റെ സേവനം നിലവില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസ്‌പെയിസിന്റെ (ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസ്സിംഗ് ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിങ്) ലോകത്തിലെ മൂന്നാമത്തെ സോഫ്റ്റ് വെയര്‍ ഗവേഷണ വികസന കേന്ദ്രമാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. മുപ്പതു വര്‍ഷത്തെ പാരമ്പര്യമുള്ള ഡിസ്‌പെയിസിന് ജര്‍മ്മനിയിലും ക്രൊയേഷ്യയിലും ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്.
ഡിസ്‌പെയ്‌സ് പോലുള്ള ആഗോള കമ്പനികള്‍ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. വ്യവസായ വളര്‍ച്ചയ്ക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും വ്യവസായ സൗഹൃദ അന്തരീക്ഷവും കേരളത്തിലുള്ളതു കൊണ്ടാണ് ആഗോള കമ്പനികള്‍ ഇവിടേക്ക് എത്തുന്നത്. ആഗോള പ്രശസ്ത വ്യവസായ കേന്ദ്രങ്ങള്‍ക്ക് വേരുറപ്പിക്കാനുള്ള അനുയോജ്യ ഇടമായി കേരളം മാറുന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച തൊഴിലവസരങ്ങള്‍ ഡിസ്‌പെയ്‌സിലുണ്ടാകുമെന്നും അത്യാധുനിക സാങ്കേതികവിദ്യകളില്‍ വിദഗ്ധരായ 70 എഞ്ചിനീയര്‍മാരെ തുടക്കത്തില്‍ നിയമിക്കുമെന്നും ഡിസ്‌പെയ്‌സിന്റെ പ്രതിനിധി പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ മുന്നൂറോളം ആളുകള്‍ക്ക് ജോലി ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എയ്‌റോ സ്‌പേസ്, ഓഫ്-ഹൈവേ, ഇലക്ട്രിക് ഡ്രൈവുകള്‍, അക്കാദമിക്, മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് ഡിസ്‌പെയ്‌സ് പ്രവര്‍ത്തിക്കുന്നത്. സോഫ്റ്റ് വെയര്‍ ഇന്‍-ദി-ലൂപ്പ് ടെസ്റ്റിംഗ്, സെന്‍സര്‍ ഡേറ്റ മാനേജ്‌മെന്റ്്, സിമുലേഷന്‍ മോഡലിംഗ്, ഡേറ്റ അന്നോട്ടേഷന്‍, ഡേറ്റ ഡ്രിവണ്‍ ഡെവലപ്‌മെന്റ്, പ്രോട്ടോടൈപ്പിങ്, ഹാര്‍ഡ് വെയര്‍-ഇന്‍-ദി-ലൂപ്പ് ടെസ്റ്റിങ്, സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ്്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ വിവിധ സേവനങ്ങള്‍ കമ്പനി ലഭ്യമാക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.