താരിഖ് അന്‍വറിന് മുന്നില്‍ പരാതി പ്രളയം; മുല്ലപ്പള്ളിയും ചെന്നിത്തലയും തല്‍ക്കാലം സേഫ്

താരിഖ് അന്‍വറിന് മുന്നില്‍ പരാതി പ്രളയം; മുല്ലപ്പള്ളിയും ചെന്നിത്തലയും തല്‍ക്കാലം സേഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ഹൈക്കമാന്റ് പ്രതിനിധിയായി കേരളത്തിലെത്തിയ താരിഖ് അന്‍വറിന് മുന്നില്‍ പരാതികളുടെ പ്രവാഹം. നേതാക്കളുടെ ഗ്രൂപ്പ് കളിയെ കുറിച്ചാണ് കൂടുതല്‍ പരാതികളുമുയര്‍ന്നത്.

അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാറില്ലെന്ന സൂചനയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. എന്നാല്‍ ഏഴ് ഡിസിസികള്‍ക്കെതിരെ നടപടി ഉണ്ടായേക്കും. കെപിസിസിയുടെ നേതൃനിരയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്.

തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. പിസി ചാക്കോയാണ് ഗൂപ്പ് അതിപ്രസരത്തെപ്പറ്റി പരാതി ഉന്നയിച്ചത്. കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് കൊടുക്കണമെന്നും ചാക്കോ ആവശ്യപ്പെട്ടു. ഇതിലൂടെ ഘടകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാവുമെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി സതീശന്‍ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച്ചയെയാണ് ഉയര്‍ത്തിക്കാണിച്ചത്. സോഷ്യല്‍ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാന്‍ സാധിച്ചില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. തോല്‍വിക്ക് എല്ലാ ഡിസിസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കെസി ജോസഫ് നിലപാടെടുത്തു. മൂന്ന് മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊളിച്ചെഴുത്ത് ഉണ്ടായാല്‍ അത് പ്രതിസന്ധികളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് കളിയാണ് പാര്‍ട്ടിയെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്ന് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. നേരത്തെ ഗ്രൂപ്പ് പോരിനെതിരെ കെപിസിസിക്ക് മുന്നില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. തോല്‍വിക്ക് കാരണം ഇതാണെന്നായിരുന്നു അതിലും പറഞ്ഞിരുന്നത്.

എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് കൈമാറും. മുസ്ലീം അടക്കമുള്ള ഘടകക്ഷികളുമായും താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനുള്ള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.