ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി തിങ്കളാഴ്ച വിരമിക്കും

ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി തിങ്കളാഴ്ച വിരമിക്കും

തിരുവനന്തപുരം: ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി സര്‍വ്വീസില്‍ നിന്ന് തിങ്കളാഴ്ച വിരമിക്കും. ഇടുക്കി ജില്ലയിലെ കലയന്താനി ഗ്രാമത്തില്‍ ജനിച്ച ടോമിന്‍ ജെ. തച്ചങ്കരി 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്. കേരള കേഡറില്‍ എ.എസ്.പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചു.

കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ സെല്‍, ടെലി കമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച്, ടെക്‌നിക്കല്‍ സര്‍വ്വീസസ് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയി ജോലി നോക്കി. ഇടക്കാലത്ത് കേരളാ ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി മാനേജിങ് ഡയറക്ടറായിരുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, പൊലീസ് ആസ്ഥാനം, കണ്ണൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഐ.ജി ആയിരിക്കെ കേരളാ മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കേരളാ ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ഐ.ജി ആയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും പ്രവര്‍ത്തിച്ചു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോസ്റ്റല്‍ സെക്യൂരിറ്റിയിലായിരുന്നു ആദ്യ നിയമനം. പൊലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ആംഡ് പൊലീസ് ബറ്റാലിയന്‍, കോസ്റ്റല്‍ പൊലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പിയായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതല വഹിച്ചു. കേരളാ ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍, കേരള പൊലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യു മേധാവിയായും പ്രവര്‍ത്തിച്ചു.

കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ തസ്തികയിലായിരുന്നു ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷമുളള ആദ്യനിയമനം. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡി.ജി.പി ആയി.

ഇടുക്കി ജില്ലയിലെ ആലക്കോട്, കലയന്താനി, മുതലക്കോടം എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചങ്ങനാശേരി എസ്.ബി കോളജിലെ പഠനത്തിന് ശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി.

പരേതയായ അനിത തച്ചങ്കരിയാണ് ഭാര്യ. മേഘ തച്ചങ്കരി, കാവ്യ തച്ചങ്കരി എന്നിവര്‍ മക്കളും.

തിങ്കളാഴ്ച രാവിലെ 7.40 ന് തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ കേരള പൊലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലിന് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.