വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവർ നൽകിയ സംഭാവനകൾ നിസ്തുലം; അഡ്വ പി എസ് ശ്രീധരൻ പിള്ള

വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവർ നൽകിയ സംഭാവനകൾ നിസ്തുലം; അഡ്വ പി എസ് ശ്രീധരൻ പിള്ള

കോട്ടയം: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ഏഴാമത് സംഗമം ചങ്ങനാശേരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഗോവ ഗവർണർ അഡ്വ പി.എസ് ശ്രീധരൻ പിള്ള സമ്മേളനം ഉത്ഘാടനം ചെയ്തു. ക്രൈസ്തവർ ആരോടും ഒരിക്കലും വിവേചനം കാണിക്കാറില്ലെന്നും വിദ്യാഭാസ മേഖലയിൽ ചങ്ങനാശേരി അതിരൂപത ഉൾപ്പടെ എല്ലാ ക്രൈസ്തവ സമുദായങ്ങളും നൽകിയ സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു .

അതിരൂപത മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. എല്ലാവർക്കും സമധനതോടെ ജീവിക്കാനുള്ള സാഹചര്യം സംജാതമാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കടമയുണ്ടെന്നും മാർ ജോസഫ് പെരുന്തോട്ടം സൂചിപ്പിച്ചു. ചടങ്ങിൽ തിരുവല്ല അതിരൂപതാ മെത്രാപ്പോലീത്താ തോമസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. മണിപ്പൂരിൽ പീഡനമേൽക്കുന്ന ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് പ്രവാസി അപ്പോസ്തലേറ്റിന് വേണ്ടി ജോ കാവാലം പ്രമേയം അവതരിപ്പിച്ചു. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രവാസി കൂടുംബങ്ങളിൽ നിന്നും ദൈവവിളി സ്വീകരിച്ചവരെയും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രവാസികളെയും പ്രവാസി അപ്പോസ്തലേറ്റിന്റെ ഓൺലൈൻ സണ്ടേസ്‌കൂൾ അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രവാസികളുടെ മക്കൾക്ക് ക്യാഷ് അവാർഡും പുരസ്‌കാരവും നൽകി.

പരിപാടിയോടനുബന്ധിച്ച് പ്രവാസ ജ്യോതി എന്ന പേരിൽ തയാറാക്കിയ സുവനീറിന്റെ പ്രകാശനം മാർ ജോസഫ് പെരുന്തോട്ടവും അഡ്വ. പി.എസ് ശ്രീധരൻ പിള്ളയും ചേർന്ന് നിർവഹിച്ചു. ആദ്യ പ്രതി പാലാ പ്രവാസി അപ്പോസ്തലേറ്റിന്റെ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിന് നൽകി.

പരിപാടിയിൽ ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റിന്റെ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം ആമുഖ പ്രസംഗം നടത്തി. ലിജി സോജൻ രചിച്ച ഖണ്ഡകാവ്യം അഡ്വ. പി.എസ് ശ്രീധരൻപിള്ള മാർ ജോസഫ് പെരുന്തോട്ടത്തിനും ജോസ് കുമ്പിളുവേലിക്കും നൽകി നിർവഹിച്ചു. അപ്പോസ്തലേറ്റിനായി ഫാ. ജേക്കബ് ചാക്കാത്തറ എഴുതി ഫാ. ജിജോ മാറാട്ടുകളം സംഗീത സംവിധാനം നിർവഹിച്ച ആന്തം പുറത്തിറക്കി.

ചടങ്ങിൽ ഷെവ. സിബി വാണിയപ്പുരയ്ക്കൽ എല്ലാവർക്കും സ്വാഗതം നേരുകയും ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൽ ഫാ. ജോസഫ് വാണിയപ്പുരക്കൽ, എഫ്.സി.സി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യാൽ റവ.ഡോ. ലിസ്‌ മേരി, ഫാ. ജിജോ മാറാട്ടുകളം എന്നിവർ ആശംസകൾ നേരുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളും മടങ്ങിവന്ന പ്രവാസികളുമായ വിശ്വസികളും പരിപാടിയിൽ പങ്കെടുത്തു. പൊതു സമ്മേളനത്തെ തുടർന്ന്‌ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രതിനിധികൾ ഹർഷാരവങ്ങളോടെ ആസ്വദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.