അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 146 കുട്ടികള്‍; ലൈംഗീകാതിക്രമ കേസുകളിലും വര്‍ധന

അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 146 കുട്ടികള്‍; ലൈംഗീകാതിക്രമ കേസുകളിലും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 146 കുട്ടികളാണെന്ന് കണക്ക്. ലൈംഗീകാതിക്രമം ഉള്‍പ്പടെ കുട്ടികള്‍ക്കെതിരായ അതിക്രമ സംഭവങ്ങളും കൂടിവരികെയാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതിക്രമങ്ങള്‍ തടയുന്നതിനുമായി ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിയും നിലവിലുണ്ടെങ്കിലും കേസുകള്‍ കൂടിവരികയാണെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.

ശിശുഹത്യ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 146 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2018 ല്‍ 28 കുട്ടികളും 2019 ല്‍ 25 കുട്ടികളും 2020 ല്‍ 29 പേരും 2021 ല്‍ 41 കുട്ടികളും 2022 ല്‍ 23 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 2018 ല്‍ 4,253 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2022 ല്‍ അത് 5,315 ആയി ഉയര്‍ന്നു.

പോക്‌സോ കേസുകളും കൂടുന്നുണ്ട്. 1,137 പോക്‌സോ കേസുകളാണ് 2018 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ അത് 1,677 ആയി ഉയര്‍ന്നു. ഈ വര്‍ഷം മേയ് വരെ 691 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ കേസുകളും ഇക്കാലയളവില്‍ കൂടി. 111 കേസുകളാണ് 2018 മുതല്‍ 2022 വരെ രജിസ്റ്റര്‍ ചെയ്തത്.

നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം പോക്‌സോ കേസുകളില്‍ 2021 ല്‍ നാലാം സ്ഥാനായിരുന്നു കേരളം. കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും തൊട്ടുപിന്നില്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശുമായിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനിലേക്ക് 2021-22 ല്‍ ലഭിച്ച 2,315 പരാതികളില്‍ എട്ട് ശതമാനം പോക്‌സോയുമായി ബന്ധപ്പെട്ടതായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.