ജോസ്‌വിൻ കാട്ടൂർ
വത്തിക്കാന്‍ സിറ്റി: സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 'ഗുഡ് സമരിറ്റന്‍', 'ജസ്റ്റിസ് ആന്‍ഡ് പീസ്' എന്നീ രണ്ടു ഫൗണ്ടേഷനുകള്‍ സംയോജിപ്പിച്ച്, വാന്‍ ത്വാന്‍ എന്ന പേരില്‍ പുതിയൊരു ഫൗണ്ടേഷന് ഫ്രാന്‍സിസ് പാപ്പാ തുടക്കം കുറിച്ചു. 2002-ല്‍ അന്തരിച്ച വിയറ്റ്‌നാംകാരനായ കര്‍ദിനാള്‍ വാന്‍ ത്വാനിന്റെ സ്മരണാര്‍ത്ഥമാണ്, പുതിയ ഫൗണ്ടേഷന് ഈ പേര് നല്‍കിയത്. വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് തടങ്കലില്‍ ദീര്‍ഘകാലം പീഡിപ്പിക്കപ്പെട്ട വ്യക്തിയാണ് കര്‍ദിനാള്‍ വാന്‍ ത്വാന്‍.
സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മൈക്കിള്‍ ചേര്‍ണിയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പാ ഈ തീരുമാനം കൈക്കൊണ്ടത്. ലത്തീന്‍ കാനോനിക നിയമത്തിലെ 120-ാം കാനോനയുടെ ഒന്നാം പരിശ്ചേദമനുസരിച്ചാണ് മേല്‍പ്പറഞ്ഞ രണ്ടു സ്ഥാപനങ്ങള്‍ മരവിപ്പിച്ച്, അവയ്ക്ക് പകരമായി വാന്‍ ത്വാന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ഇതു സംബന്ധിച്ച ഡിക്രി ഒസെര്‍വ്വത്തോരെ റൊമാനോയിലും, വത്തിക്കാന്‍ ഗസറ്റായ 'ആക്താ അപ്പസ്‌തോലിച്ചേ സേദിസി'ലും പ്രസിദ്ധീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന്, 2023 ജൂലൈ 25-ന് പ്രാബല്യത്തില്‍ വന്നു. മാര്‍പ്പാപ്പയുടെ ഉത്തരവനുസരിച്ച്, മരവിപ്പിച്ച സ്ഥാപനങ്ങളുടെ ധനശേഖരവും ആസ്തികളും പുതുതായി രൂപീകരിച്ച ഫൗണ്ടേഷനു വേണ്ടി നീക്കിവയ്ക്കപ്പെട്ടു.
കര്‍ദിനാള്‍ വാന്‍ ത്വാന്‍
വിയറ്റ്‌നാമിലെ ഹ്യു പ്രവിശ്യയില്‍ 1928-ല്‍ ജനിച്ച കര്‍ദിനാള്‍ ഫ്രാന്‍സിസ് സേവ്യര്‍ ങുയെന്‍ വാന്‍ ത്വാന്‍, 1967-ല്‍ ങ്ഹാ ട്രാങ് രൂപതയുടെ ബിഷപ്പായി നിയമിതനായി. 1975 ഏപ്രിലില്‍, അദ്ദേഹം സൈഗോണിന്റെ കോ-അഡ്ജുത്തോര്‍ (പിന്‍തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാന്‍) ആര്‍ച്ച് ബിഷപ്പായി. എന്നാല്‍ ആറ് ദിവസങ്ങള്‍ക്കകം, നഗരം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള വടക്കന്‍ വിയറ്റ്‌നാമീസ് സൈന്യത്തിന്റെ കീഴിലായി. ബിഷപ്പ് വാന്‍ ത്വാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
ഒന്‍പത് വര്‍ഷക്കാലത്തെ ഏകാന്തതടവ് ഉള്‍പ്പെടെ, 13 വര്‍ഷം വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞു. മതപരമായ വസ്തുക്കളൊന്നും കൈവശം വയ്ക്കാന്‍ ബിഷപ്പ് വാന്‍ ത്വാനെ അനുവദിച്ചിരുന്നില്ല. എന്നാല്‍, കാവല്‍ക്കാരില്‍ നിന്ന് ലഭിച്ച മരക്കഷണവും കുറച്ച് കമ്പികളും ഉപയോഗിച്ച്, ഒരു കുരിശ് രൂപപ്പെടുത്തിയെടുത്ത്, അതിനു മുമ്പില്‍ അദ്ദേഹം പ്രാര്‍ത്ഥന തുടര്‍ന്നു. ഈ കാലയളവില്‍ അദ്ദേഹം തനിക്കു ഭരമേല്‍പ്പിക്കപ്പെട്ട ദൈവജനത്തിന് കടലാസുതുണ്ടുകളില്‍ എഴുതിയ ചെറിയ സന്ദേശങ്ങളാണ് പിന്നീട് 'ദി റോഡ് ഓഫ് ഹോപ്പ്: എ ഗോസ്പല്‍ ഫ്രം പ്രിസണ്‍' എന്ന പേരില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ജയിലിലെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ 'പ്രെയേഴ്‌സ് ഓഫ് ഹോപ്പ്' എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ടു.
1988-ല്‍ ബിഷപ്പ് വാന്‍ ത്വാന്‍ ജയില്‍ മോചിതനായെങ്കിലും, തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങള്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നു. അതിനു ശേഷം നാടുകടത്തപ്പെട്ട അദ്ദേഹത്തിന്, പിന്നീടൊരിക്കലും, വിയറ്റ്‌നാമിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചില്ല. 1994-ല്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസിന്റെ വൈസ് പ്രസിഡന്റായി ബിഷപ്പ് വാന്‍ ത്വാന്‍ നിയമിതനായി. അതേ തുടര്‍ന്ന് സൈഗോണിന്റെ കോഅഡ്ജുത്തോര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചു. 1998-ല്‍ അദ്ദേഹം കൗണ്‍സിലിന്റെ പ്രസിഡന്റായി. 2000-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കും റോമന്‍ കൂരിയയ്ക്കും വേണ്ടി ആത്മീയ ധ്യാനചിന്തകള്‍ പങ്കുവയ്ക്കാന്‍ വാന്‍ ത്വാനിനോട് ആവശ്യപ്പെട്ടു. 2001 ഫെബ്രുവരിയില്‍ അദ്ദേഹം കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു. റോമില്‍ വച്ച്, 2002 സെപ്റ്റംബര്‍ 16-ന്, 74-ാം വയസില്‍ അദ്ദേഹം അന്തരിച്ചു.
മരണത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍ത്തന്നെ ബെനഡിക്റ്റ് പാപ്പ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചു. 2017-ല്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ധന്യ പദവിലേക്ക് ഉയര്‍ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.