അവസാന 'സെൽഫി'ക്ക് ലൈക്കും കമന്റും ഇല്ല; സെൽഫി ഭ്രമം അപകടത്തിലേക്ക്...

അവസാന 'സെൽഫി'ക്ക് ലൈക്കും കമന്റും ഇല്ല; സെൽഫി ഭ്രമം അപകടത്തിലേക്ക്...

സെൽഫി.. സെൽഫി.. സെൽഫി എവിടെ തിരിഞ്ഞാലും സെൽഫി തന്നെ. ഉണ്ണുന്നതും ഉറങ്ങുന്നതും വ്യായാമം ചെയ്യുന്നതും വെറുതേ നടന്നാലും ഇരുന്നാലും സെൽഫി തന്നെ സെൽഫി.. ജനനം മുതൽ മരണം വരെ ആഘോഷമോ ആപത്തോ എന്ത് നടന്നാലും സെൽഫിയെടുക്കുന്ന ഇന്ത്യക്കാർ. അതിൽ മുന്നിട്ടു നിൽക്കുന്ന മലയാളികൾ. ലോകത്ത് ഏറ്റവും കൂടുതൽ സെൽഫി മരണങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കാം.

സെൽഫി പോലെ തന്നെ ഇന്ന് റീൽസും ആളുകൾക്ക് ഹരമാണ്. സ്വന്തം കുട്ടികളെ പോലും വിറ്റ് ഐ ഫോൺ വാങ്ങാൻ തയ്യാറായി നൽക്കുന്ന ദമ്പതികളുടെ കാലത്താണ് നാം ജീവിക്കുന്നത് എന്നത് എത്രയോ വേദനിപ്പിക്കുന്ന വസ്തുത. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാ​ഗ്രാം റീൽ ഷൂട്ട് ചെയ്യാനായി ദമ്പതികൾ എട്ട്മാസം പ്രായമുള്ള കു‍‍ഞ്ഞിനെ വിറ്റെന്ന കരളലിയിക്കുന്ന വാർത്ത കൊൽക്കത്തയിൽ നിന്നും പുറത്തു വന്നത്.

സെൽഫി മരണങ്ങളില്ലാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഇത്രയധികം മരണങ്ങൾ ഉണ്ടായിട്ടും അതിൽ നിന്ന് പാഠമൊന്നും ഉൾക്കൊള്ളുന്നില്ല ആളുകൾ എന്നതിന് ഈ മരണ കണക്കുകൾക്കപ്പുറം മറ്റെന്ത് തെളിവു വേണം. ലൈക്കുകൾക്കു വേണ്ടിയുള്ള മത്സരം മുറുകുന്നതിനൊപ്പം സെൽഫി ഭ്രമവും കാടു കയറുകയാണ്. വെള്ളച്ചാട്ടവും മലയിടുക്കും കാടും കടലും മൃഗങ്ങളും വാഹനങ്ങളും എന്നു വേണ്ട ലൈക്ക് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ ഓടുന്ന ട്രെയിനിന് മുന്നിൽ പോയി നിന്നു പോലും സാഹസിക സെൽഫികൾ എടുക്കാനുള്ള ഒരുക്കമാണ് ആളുകൾക്ക്. ഇതിൽ പലതും കലാശിക്കുന്നതാവട്ടെ ദയനീയമായ അന്ത്യത്തിലും. എന്നിട്ടും യാതൊരു അറുതിയുമുണ്ടാവുന്നില്ല മരണം മണക്കുന്ന ഈ സാഹസത്തിന്.

എന്താണ് ഇതിനൊരു പ്രതിവിധി? സെൽഫി മരണത്തിന്റെ അവസാനത്തെ ഇരയാണ് കടയ്ക്കവെ കുമ്മിൾ സ്വദേശി സിദ്ദിഖും ഭാര്യ നൗഫിയും. വിവാഹം കഴിഞ്ഞ് അഞ്ചാം ദിനം പാറയുടെ മുകളിൽ കയറി ഫോട്ടോ എടുക്കുന്നതിനിടയിൽ കാല് വഴുതി പുഴയിൽ വീഴുകയായിരുന്നു ഈ നവ ദമ്പതികൾ.

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് മരിച്ച വിദ്യാർത്ഥി. സെൽഫി എടുക്കുന്നതിനിടെ മക്കളുടെ കൺമുന്നിലൂടെ ഒഴുകിപ്പോകുന്ന അമ്മ. ഭാര്യയുടെ കൺമുന്നിൽ നിന്നും വേർപെട്ടുപോകുന്ന ഭർത്താവ്... സെൽഫി ജീവനെടുത്ത നിരവധി ചിത്രങ്ങൾ നമ്മുടെ മനസിൽ കണ്ണീരോർമ്മയായി അവശേഷിക്കുന്നുണ്ട്. അമിത വേ​ഗത്തിൽ ബൈക്കോടിച്ച് സെൽഫി പകർത്തി സോഷ്യൽ മീഡിയയിൽ ലൈക്ക് വാങ്ങാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി അപകടത്തിൽപ്പെട്ടതുമെല്ലാം നമ്മുടെ നാട്ടിൽ തന്നെയാണെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം.

വ്യത്യസ്തമായ സെൽഫികൾക്ക് സമൂഹ മാധ്യമങ്ങളിൽ കിട്ടുന്ന ഉയർന്ന സ്വീകര്യതായാണ് സെൽഫിയെ ഇന്നും പ്രിയപ്പെട്ടതാക്കുന്നത്, അതിന് കിട്ടുന്ന ലൈക്കും കമന്റ്സും ഷെയറുമാണ് വീണ്ടും വീണ്ടും പുതു പുത്തൻ സ്റ്റെലിൽ സെൽഫികളെടുത്ത് കൂട്ടാൻ സെൽഫി ഭ്രാന്തൻമാരെ പ്രേരിപ്പിക്കുന്നതും.

ജീവിതത്തിലെ ഓരോ നിമിഷവും സെൽഫികളാക്കി സ്വയം വൈറലാകാനുള്ള ശ്രമങ്ങൾ പക്ഷെ അത്ര നിസ്സാരമായി കാണേണ്ടതല്ല. അപകടകരമായ രീതിയിൽ സെൽഫി എടുത്ത് ജീവിതം നഷ്ടമാകുന്നവരുടേയും സെൽഫികൾക്ക് അടിമകളായി മറ്റ് കാര്യങ്ങളിൽ താത്പര്യം നഷ്ടപ്പെട്ട് ചികിത്സ തേടുന്നവരുടേയും എണ്ണം കൂടിവരികയാണ്. അതു തന്നെയാണ് സെൽഫി ഭ്രാന്തിനെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാക്കുന്നതും.

കുന്നിൻ ചെരിവ്, പാറക്കെട്ട്, റെയിൽവേ ട്രാക്ക്, വെള്ളച്ചാട്ടം അങ്ങനെ അപകടം പതിയിരിക്കുന്ന സ്ഥലങ്ങളാണ് സെൽഫി പ്രിയരുടെ ഇഷ്ട കേന്ദ്രങ്ങൾ. ഇത്തരം സ്ഥലങ്ങളിൽ വെച്ച് സാഹസികമായി ഫോട്ടോ എടുക്കാനുള്ള ശ്രമങ്ങളാണ് അപകടത്തിൽ കലാശിക്കുന്നതും. റെയിൽവേ ട്രാക്കിൽ നിന്ന് സെൽഫിയെടുത്താൽ 2000 രൂപ ഫൈൻ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. ഇതു പോലെ അപകടം വിതയ്ക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും.

വന്യമൃഗങ്ങളെ ബാക്ക് ഗ്രൗണ്ടിൽ കിട്ടും വിധം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന വിനോദസഞ്ചാരികളും ഏറെയുണ്ട്. ഇത്തരം കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാകണം. കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യത്തിൽ ഫോട്ടോ എടുത്താൽ 10000 രൂപ വരെ പിഴ ഈടാക്കുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത്തരം നിയമങ്ങൾ ശക്തമല്ല, ചിന്നാർ വനമേഖലകളിലും മുത്തങ്ങയിലും എല്ലാം ഇത്തരത്തിൽ ഫോട്ടോ എടുക്കാനുള്ള ശ്രമങ്ങൾ അപകടങ്ങൾ ഉണ്ടാക്കാറുണ്ടെങ്കിലും ഇത് തടയാനുള്ള നിയമം ശക്തമല്ല.

അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഫോട്ടോഗ്രഫി പ്രൊഹിബിറ്റഡ് എന്ന് പറയുന്നതിന് പകരം സെൽഫി പ്രോഹിബിറ്റഡ് എന്ന് ബോർഡ് വെക്കുകയും അത് പാലിക്കപ്പെടാൻ കർശന നിരീക്ഷണം കൊണ്ടുവരികയും ചെയ്യേണ്ട കാലം എത്തിയിരിക്കുന്നു. ഇതിനൊപ്പം സെൽഫി ഭ്രമത്തിൽ ജീവൻ പൊലിയാതിരിക്കാൻ ബോധവത്കരണവും അത്യാവശ്യമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദർ പറയുന്നത്.

കുട്ടികളുടെ സെൽഫി ഭ്രമത്തിനു കാരണം മാതാപിതാക്കൾ തന്നെയാണ്. മാതാപിതാക്കളുടെ സ്മാർട്‌ഫോൺ പ്രേമം കുട്ടികളിൽ മോശം പെരുമാറ്റം ഉണ്ടാക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും വിശ്രമിക്കുമ്പോഴും കുട്ടികളോട് സംസാരിക്കുമ്പോഴുമെല്ലാം സ്മാർട്‌ഫോൺ ഉപയോഗിക്കുന്ന രക്ഷാകർത്താക്കളാണെങ്കിൽ ഇത് കുട്ടികളിൽ സ്വഭാവമാറ്റം ഉണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.