യുഎഇ കോ‍ർപ്പറേറ്റ് നികുതിനിയമ ലംഘനം, പിഴകള്‍ പ്രഖ്യാപിച്ച് സാമ്പത്തികമന്ത്രാലയം

യുഎഇ കോ‍ർപ്പറേറ്റ് നികുതിനിയമ ലംഘനം, പിഴകള്‍ പ്രഖ്യാപിച്ച് സാമ്പത്തികമന്ത്രാലയം

ദുബായ്: രാജ്യത്തെ കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് പുതിയ പിഴകള്‍ പ്രഖ്യാപിച്ച് സാമ്പത്തികമന്ത്രാലയം. ജൂണ്‍ 1 മുതലാണ് രാജ്യത്ത് കോർപ്പറേറ്റ് നികുതി നിലവില്‍ വന്നത്. നിയമലംഘനങ്ങള്‍ക്കുളള പിഴ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും.

ആഗോള നിലവാരമുളള കോർപ്പറേറ്റ് നികുതി സമ്പ്രദായം നടപ്പിലാക്കാന്‍ സഹകരിക്കുകയെന്നുളളത് നികുതി നല്‍കാന്‍ ഉത്തരവാദിത്തമുളള എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഔനിസ് ഹാജി അല്‍ ഖൂരി പറഞ്ഞു. നികുതി പാലിക്കൽ പ്രോത്സാഹിപ്പിക്കുന്ന അനുകൂലമായ നിയമനിർമ്മാണ അന്തരീക്ഷമുണ്ടാകുന്നതിലൂടെ യുഎഇയില്‍ സുസ്ഥിരമായ സാമ്പത്തികവളർച്ചയുമുണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

നികുതി രേഖകളിൽ ഭേദഗതികൾ ആവശ്യമായി വന്നേക്കാവുന്ന മാറ്റങ്ങൾ അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണ്. കൃത്യസമയത്ത് കോർപ്പറേറ്റ് നികുതി ഫയൽ ചെയ്യുകയും അടയ്ക്കുകയും വേണം. രേഖകൾ ശരിയായി സൂക്ഷിക്കുന്നതിൽ പരാജയപ്പെടുകയോ കോർപ്പറേറ്റ് നികുതി നിയമത്തിൽ വ്യക്തമാക്കിയ മറ്റ് വിവരങ്ങളും രേഖകളും സമർപ്പിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താലും പിഴകിട്ടും.

ഒരു വ്യാപാര സ്ഥാപനം നികുതി സംബന്ധമായി ആവശ്യമായ രേഖകളും മറ്റ് വിവരങ്ങളും സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓരോ നിയമലംഘനത്തിനും 10,000 ദിർഹമാണ് പിഴ. അവസാന ലംഘനം നടന്ന തീയതി മുതൽ 24 മാസത്തിനുള്ളിൽ ആവർത്തിക്കുന്ന ഓരോ നിയമലംഘനത്തിനും 20,000 ദിർഹമാണ് പിഴയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നികുതി ബാധ്യത ഉണ്ടായിരിക്കുകയും ആവശ്യപ്പെടുമ്പോള്‍ രേഖകളും വിവരങ്ങളും സമർപ്പിക്കാതെയുമിരുന്നാല്‍ 5000 ദി‍ർഹം പിഴ കിട്ടും.കോർപ്പറേറ്റ് ടാക്സ് നിയമത്തിലും നടപ്പാക്കല്‍ തീരുമാനത്തിലും വ്യക്തമാക്കിയ സമയപരിധിക്കുളളില്‍ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ അപേക്ഷ സമർപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 1000 ദിർഹം മുതല്‍ 10,000 ദിർഹം വരെ പിഴകിട്ടും. നികുതി രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ഭേദഗതിനടത്തുകയും അത് ബന്ധപപെട്ട അതോറിറ്റിയെ അറിയിക്കാതിരിക്കുകയും ചെയ്താല്‍ 1000 ദിർഹമാണ് പിഴ. അവസാന ലംഘനം നടന്ന തീയതി മുതൽ 24 മാസത്തിനുള്ളിൽ ആവർത്തിക്കുന്ന ഓരോ കേസിലും 5,000 ദിർഹം പിഴ കിട്ടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്ഥാപനത്തിന്‍റെ നിയമ പ്രതിനിധികൾ നിശ്ചിത സമയപരിധിക്കുള്ളിൽ നിയമന വിജ്ഞാപനം നൽകുന്നതിൽ പരാജയപ്പെട്ടാല്‍ 1000 ദിർഹമാണ് പിഴ.നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഒരു നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിയമ പ്രതിനിധി പരാജയപ്പെട്ടാൽ ഓരോ മാസത്തിനും 500 ദിർഹം പിഴ കിട്ടും. ആദ്യ ഒരു വർഷത്തേക്കാണിത്. 13 ആം മാസം മുതല്‍ ഇത് 1000 ദിർഹമായി കൂടും.സമയപരിധിക്കുള്ളിൽ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാല്‍ ആദ്യ 12 മാസങ്ങളില്‍ 500 ദിർഹവും പിന്നീടുളള മാസങ്ങളില്‍ 1000 ദിർഹവുമാണ് പിഴ. അവ്യക്തമായതോ തെറ്റായതോ ആയ നികുതി വിവരങ്ങള്‍ സമർപ്പിച്ചാല്‍ 500 ദിർഹമാണ് പിഴ. നികുതി തിരിച്ചടവ് സമർപ്പിക്കുന്നതിനുളള സമയപരിധി അവസാനിക്കുന്നതിന് മുന്‍പാണെങ്കിലുളള പിഴത്തുകയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.